ദില്ലി : ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവർ നിർബന്ധമായും ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു എന്നീ വിമാനത്താവളങ്ങളിൽ എത്തുന്നവരാണ് പരിശോധനയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത്. ഡിസംബർ 20 മുതൽ ഉത്തരവ് ബാധകമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി.യു.കെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ – ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യുസീലൻഡ്, സിംബാവേ, സിംഗപ്പൂർ, ഹോങ്ങ് കോങ്ങ്, ഇസ്രായേൽ.
ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർ 14 ദിവസം ക്വാറന്റീനിൽ തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നേരത്തെ അറിയിച്ചിരുന്നു. ഇവർ യാത്രയ്ക്ക് മുൻപും ശേഷവും ആർടിപിസിആർ എടുക്കണം. ഏഴ് ദിവസം ക്വാറന്റീനിൽ ഇരുന്ന ശേഷം വീണ്ടും ആർടിപിസിആർ എടുക്കണം. ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആണെങ്കിൽ കൊവിഡ് നെഗറ്റീവ് ആകുന്നത് വരെയും ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ ഏഴ് ദവിസം കൂടിയും ക്വാറന്റീനിൽ തുടരണമെന്നാണ് ആരോഗ്യ മന്ത്രിയുടെ നിർദേശം.