മംഗളൂരു : ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ട് ഇല്ലെന്നു പറഞ്ഞ് മംഗളൂരുവിൽ തടഞ്ഞുവെച്ച മലയാളികളെ വിട്ടയച്ചു. പ്രതിഷേധം ഉയർന്നതോടെയാണ് സ്ത്രീകളെയും പുരുഷന്മാരെയും പല സമയങ്ങളിലായി പോകാൻ അനുവദിച്ചത്.
കേരളത്തിൽ നിന്നു ട്രെയിൻ മാർഗം എത്തിയ വിദ്യാർഥിനികൾ അടക്കം നൂറിലേറെ പേരെയാണ് തടങ്കലിലാക്കിയത്. ഇന്നലെ വൈകിട്ട് 4 മണി മുതൽ വിവിധ ട്രെയിനുകളിൽ എത്തിയവരെയാണു മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നു പോലീസ് കസ്റ്റഡിയിൽ എടുത്തത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ആന്റിജൻ പരിശോധനയ്ക്കായി ഇവരുടെ സാംപിൾ എടുത്തു. ഫലം അര മണിക്കൂറിനകം മൊബൈലിൽ സന്ദേശമായി വരുമെന്നും അതു നെഗറ്റീവ് ആണെങ്കിൽ പോകാമെന്നും പറഞ്ഞ് ഇവരെ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവെച്ചു.
5 മണിയോടെ പോലീസ് വാഹനത്തിൽ ടൗൺ ഹാളിലെത്തിച്ചു. ഇവിടെനിന്നു പരിശോധനാ ഫലം കിട്ടുമെന്നു പറഞ്ഞാണ് ഇവിടേക്കു മാറ്റിയത്. എന്നാൽ രാത്രി വൈകിയും പരിശോധനാ ഫലം വന്നിട്ടില്ല. കുടിവെള്ളം പോലും നൽകാതെയാണ് ഇവരെ കസ്റ്റഡിയിൽ വെച്ചത്. ഓൺലൈനായും മറ്റുമാണ് അത്യാവശ്യക്കാർ ഭക്ഷണം വരുത്തിയത്.
രാത്രി 9 മണിയോടെ മറ്റൊരു ട്രെയിനിൽ എത്തിയ യാത്രക്കാരെയും കെ.എസ്.ആർ.ടി.സി ബസിൽ ടൗൺഹാളിൽ എത്തിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇവരെ ടൗൺഹാളിൽ എത്തിച്ചതും കസ്റ്റഡിയിൽ വെച്ചതും. ആരോഗ്യ പ്രവർത്തകരെ നിയന്ത്രണങ്ങൾ ബാധിക്കില്ലെന്ന് കഴിഞ്ഞദിവസം കർണാടക സർക്കാർ ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നെങ്കിലും നഴ്‌സുമാർ അടക്കമുള്ളവർ തടഞ്ഞു വെച്ചവരിൽ ഉണ്ടായിരുന്നു. പ്രതിഷേധം കനത്തതോടെ രാത്രി പത്തരയോടെ സ്ത്രീകളെ പോലീസ് കസ്റ്റഡിയിൽ നിന്നു വിട്ടയച്ചു.