കൊച്ചി : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ അധികമുള്ള എറണാകുളം ജില്ലയിലെ നിരവധി പഞ്ചായത്തുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായി. 23 പഞ്ചായത്തുകളില്‍ ആണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ചൂര്‍ണ്ണിക്കര, ചെല്ലാനം, കടുങ്ങല്ലൂര്‍, കുമ്പളങ്ങി, മുളവുകാട്, കടമക്കുടി, ഏഴിക്കര, വെങ്ങോല, വരാപ്പുഴ, കോട്ടുവള്ളി, ആലങ്ങാട്, എളങ്കുന്നപ്പുഴ , ഉദയംപേരൂര്‍, കീഴ്മാട്, ഒക്കല്‍, നായരമ്പലം, ശ്രീ മൂലനഗരം, ചേരാനല്ലൂര്‍, കോട്ടപ്പടി, എടത്തല, ഞാറക്കല്‍, കുട്ടമ്പുഴ, കരുമാല്ലൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കടുപ്പിച്ചത്.
കണ്‍ട്രോള്‍ റൂമുകള്‍ ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഈ പഞ്ചായത്തുകളില്‍ നിന്ന് ആരെയും അനാവശ്യമായി പുറത്തിറങ്ങാന്‍ അനുവദിക്കില്ല. നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും പോലീസിന് നിര്‍ദേശം നല്‍കി. ഈ പഞ്ചായത്തുകളില്‍ പോലിസിന്റെ പരിശോധനയും ശക്തമാക്കി. നിലവിലുള്ളതിനേക്കാള്‍ വാര്‍ഡുതല സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും തീരുമാനം ആയി. ആംബുലന്‍സുകളുടെ സേവനം പഞ്ചായത്തുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്.