മോസ്കോ: ഭീകര സംഘടനകളായ താലിബാനെയും ഹയാത്ത് തഹ്‌രീർ അൽ-ഷാമി (എച്ച്.ടി.എസ്) നെയും ഭീകരപ്പട്ടികയിൽ നിന്നൊഴിവാക്കിയ നിയമം പാസാക്കി റഷ്യ. നിരോധനം താൽക്കാലികമായി അവസാനിപ്പിക്കാൻ കോടതികളെ അനുവദിക്കുന്ന നിയമം റഷ്യൻ പാർലമെൻ്റ് അംഗീകരിച്ചു. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവുമായും സിറിയയുടെ പുതിയ നേതൃത്വവുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് വഴിയൊരുക്കുന്നതാണ് പാർലമെൻ്റിൻ്റെ അധോസഭയായ സ്റ്റേറ്റ് ഡുമ പാസാക്കിയ പുതിയ നിയമം. തീവ്രവാദ പ്രവർത്തനം അവസാനിപ്പിച്ചാൽ ഭീകര സംഘടനകളുടെ നിരോധിത പട്ടികയിൽ നിന്ന് ഗ്രൂപ്പുകളെ നീക്കം ചെയ്യാമെന്നും നിയമത്തിൽ പറയുന്നു.
20 വര്‍ഷത്തെ യുദ്ധത്തിന് ശേഷം അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം പിന്‍വാങ്ങിയതിനെ തുടർന്ന് 2021 ഓഗസ്റ്റില്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനെ നിലവില്‍ ഒരു രാജ്യവും അംഗീകരിക്കുന്നില്ല. 2003 ഫെബ്രുവരിയിലാണ് താലിബാനെ റഷ്യ നിരോധിത സംഘടനകളുടെ പട്ടികയില്‍ ഉൾപ്പെടുത്തിയത്. 2020 ൽ സിറിയയിലെ എച്ച്ടിഎസി നെയും ഗ്രൂപ്പിൽ ഉൾപ്പെടുത്തി. ഭീകരതയ്‌ക്കെതിരെ പോരാടുന്നതിൽ താലിബാൻ സഖ്യകക്ഷിയാണെന്ന് പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ജൂലൈയിൽ പറഞ്ഞിരുന്നു.