തിരുവനന്തപുരം : കോവിഡിനെ പ്രതിരോധിക്കാൻ തലസ്ഥാനത്ത് അതീവ രഹസ്യമായി ഒരു റഷ്യൻ ദൗത്യം. റഷ്യയുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കൂടംകുളം ആണവനിലയത്തിലെ റഷ്യക്കാരായ ശാസ്ത്രജ്ഞർക്കു കുത്തിവെയ്ക്കാനുള്ള സ്പുട്നിക് വാക്സീനുമായി റഷ്യയിൽ നിന്നുള്ള ഡോക്ടർമാരും മറ്റും പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തി. കിംസ് ആശുപത്രിയിലായിരുന്നു വാക്സീൻ കുത്തിവെയ്പ്. അടുത്തയാഴ്ച രണ്ടാം ഡോസ് കുത്തിവെയ്പിന് വീണ്ടും ഇതേ സംഘമെത്തും.
കൂടംകുളം ആണവനിലയത്തിലെ 22 ശാസ്ത്രജ്ഞർക്കാണ് ഈ മാസമാദ്യം സ്പുട്നിക് കുത്തിവെയ്പ് നടത്തിയത്. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക അനുമതിയോടെയാണ് റഷ്യൻ ഡോക്ടർമാർ എത്തിയത്. ഇതോടെ ആരോഗ്യവകുപ്പിന്റെ വാക്സീൻ കുത്തിവെയ്പ് കണക്കിൽ കോവിഷീൽഡിനും കോവാക്സിനുമൊപ്പം 22 ഡോസ് സ്പുട്നിക്കും ഇടം നേടി. കൊച്ചിയിൽ ഉൾപ്പെടെ സ്വകാര്യ ആശുപത്രികളിലെത്തിച്ച സ്പുട്നിക് വാക്സീൻ അധികം വൈകാതെ വിതരണം തുടങ്ങും.