റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും മനോഹരമായ ഓണാഘോഷമായി റാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ഓണാഘോഷം മാറി. കേരള സ്റ്റേറ്റ് റൂട്രോണിക്സ് റാന്നിയിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഘോഷം റാന്നിയുടെ അതിജീവനത്തിന്റെയും കൂട്ടായ്മയുടെയും പ്രത്യാശയുടെയും വിളംബരമായി. താളപ്പൊലിമയോടെ ചുവടുവെച്ച മഹാതിരുവാതിരയും പമ്പാനദിയുടെ ഓളങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് ഉയർന്ന വഞ്ചിപ്പാട്ടിന്റെ ഈരടികളും റാന്നിയുടെ തെരുവുകളെ വീണ്ടും ഉത്സവ ലഹരിയിലാഴ്ത്തി.
നൃത്തം, വള്ളപ്പാട്ട്, കഥകളി തുടങ്ങി വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ ഓണാഘോഷത്തിന് കൂടുതൽ മിഴിവേകി. സാംസ്കാരിക സമ്മേളനത്തില്‍ റാന്നി മുന്‍ എം.എല്‍.എ അഡ്വ.പ്രമോദ് നാരായണ്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി, വടശ്ശേരിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ കേശവൻ, പ്രസാദ് കുഴിക്കാല, വാർഡ് മെമ്പർ സാബു എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.






























