പത്തനംതിട്ട: മദ്യപിച്ച് വാഹനമോടിച്ചതിന് കഴിഞ്ഞദിവസം തനിക്കെതിരെ കേസ്സെടുത്തതിലുള്ള വിരോധത്താൽ എസ് ഐ യെ കയ്യേറ്റം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോന്നി പൂവൻപാറ പെന്തക്കോസ്തു പള്ളിക്ക് സമീപം കോട്ടമുരുപ്പേൽ വീട്ടിൽ ഇസ്മായിലിന്റെ മകൻ മാഹീനെ (37) യാണ് കോന്നി പോലീസ് ഇന്നുരാവിലെ ചൈനാമുക്കിൽ നിന്നും പിടികൂടിയത്. തിങ്കൾ രാത്രി കോന്നി ടൗണിലെ ഗുരുവായൂരപ്പൻ ഹോട്ടലിൽ വെച്ച് എസ് ഐ സജു എബ്രഹാമിനാണ് മർദ്ദനമേറ്റത്. യുവാവിനെതിരെ എസ് ഐ മുമ്പ് കേസ് എടുത്തിരുന്നു. ഈ വിരോധത്താൽ ഭക്ഷണം വാങ്ങാൻ ഹോട്ടലിലെത്തിയ എസ് ഐക്കുനേരെ ചീത്ത വിളിച്ചുകൊണ്ട് ഇയാൾ പാഞ്ഞടുത്തു.
ഇത് ചോദ്യം ചെയ്തപ്പോൾ എസ് ഐയുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചു പുറത്തുകൊണ്ട് പോയി അടിക്കുകയും തറയിലിട്ട് ചവിട്ടുകയും ചെയ്യുകയായിരുന്നു. മുമ്പ് കോന്നി പോലീസ് സ്റ്റേഷനിൽ യുവാവിനെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിനും കോവിഡ് നിയമങ്ങൾ ലംഘിച്ചതിനുമായി 3 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഈമാസം 20 ന് ഇയാൾക്കെതിരെ കേസെടുത്തത് എസ് ഐ സജു എബ്രഹാം ആണ്.എസ് ഐ അറിയിച്ചത് പ്രകാരം സ്റ്റേഷനിൽ നിന്നും പോലീസ് എത്തുമ്പോഴേക്കും ഇയാൾ സ്ഥലത്തുനിന്നും കടന്നിരുന്നു. ഇന്നുരാവിലെ എസ് ഐ മാരായ രവീന്ദ്രൻ, അനീഷ്, സി പി ഓ ദിനേശ് എന്നിവരുടെ സംഘം നടത്തിയ തെരച്ചിലിലാണ് പ്രതിയെ ചൈനാമുക്കിൽ നിന്നും പിടികൂടിയത്.





























