ശബരിമല : സന്നിധാനത്തെ മാളികപ്പുറം ക്ഷേത്രത്തിനു സമീപമുള്ള നവീകരിച്ച അന്നദാന മണ്ഡപം മകരവിളക്ക് ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഭക്തര്‍ക്കായി തുറന്നു കൊടുത്തു. ഹരിവരാസനം പുരസ്‌കാര ചടങ്ങില്‍ അന്നദാന മണ്ഡപത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. ഒരേ സമയം 5000 ഭക്തര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപമാണ് ശബരിമലയിലെ അന്നദാന മണ്ഡപം. 21.55 കോടി രൂപയാണ് ഇതിന്റെ നിര്‍മാണ ചെലവ്.
ചടങ്ങില്‍ രാജു എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.എസ്. രവി, പി.എം. തങ്കപ്പന്‍, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ശബരിമല സ്പെഷല്‍ കമ്മീഷണര്‍ എം. മനോജ്, എഡിജിപി എസ്. ശ്രീജിത്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി.എസ്. തിരുമേനി തുടങ്ങിയവര്‍ പങ്കെടുത്തു.