പത്തനംതിട്ട : മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ശബരിമല ഡ്യൂട്ടിക്ക് വന്ന പോലീസുകാരുടെ മെസ് സബ്‌സിഡി നിർത്തിയത് പുനഃസ്ഥാപിച്ചു. പോലീസ് മേധാവി നൽകിയ നിവേദനം പരിഗണിച്ച് 25 ലക്ഷമാണ് സർക്കാർ അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് സബ്‌സിഡി നിർത്തിയത്.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലുള്ള പോലീസ് മെസ്സിൽനിന്നു ഭക്ഷണം കഴിക്കുന്നവർ മുഴുവൻ പണവും നൽകണമെന്നാവശ്യപ്പെട്ട് മെസ് സൂപ്പർവൈസറി ഓഫീസർ ചൊവ്വാഴ്ച സർക്കുലർ ഇറക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം മെസ് സബ്സിഡി ഇല്ലാത്തതുകൊണ്ടാണ് സൗജന്യ ഭക്ഷണം നിർത്തിയതെന്ന് സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ പോലീസുകാർക്ക് അതൃപ്തി ഉണ്ടായിരുന്നു. ഇതോടെയാണ് വിഷയത്തിൽ ഡി.ജി.പി. തന്നെ ഇടപെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.
സബ്‌സിഡി ആയി 80 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതിൽ 25 ലക്ഷം അനുവദിച്ചു. ഈ തുക അപര്യാപ്തമാണ്. തീർഥാടന കാലം മുഴുവൻ മെസ് സബ്സിഡി നൽകാൻ ഈ തുക മതിയാവില്ല. കൂടുതൽ തുക അനുവദിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. ശബരിമല ഡ്യൂട്ടിക്ക് വരുന്ന പോലീസുകാർക്ക് മെസ് സബ്‌സിഡി വർഷങ്ങളായി നൽകുന്നുണ്ട്. ആദ്യമായാണ് ഇത്തവണ സബ്സിഡി നിർത്തിയത്.