പത്തനംതിട്ട: മകരവിളക്കിനോട് അനുബന്ധിച്ച് തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കാനനപാതയില്‍ ഭക്തരെ സഹായിക്കാന്‍ 50 അധിക ഉദ്യോഗസ്ഥരെകൂടി വനം വകുപ്പ് നിയോഗിക്കുമെന്ന് വനംവകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് പമ്പ ഫോറസ്റ്റ് ഡോര്‍മെറ്ററിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കാനനപാതയില്‍ കാട്ടാനയുടെ അക്രമണത്തില്‍ മരിച്ച തമിഴ്നാട് സ്വദേശിയായ അയ്യപ്പഭക്തന്റെ കുടുംബത്തിന് വനം വകുപ്പ് പത്ത് ലക്ഷം രൂപാ നല്‍കും. മികച്ച സേവനമാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ തീര്‍ഥാടകര്‍ക്കായി നല്‍കി വരുന്നത്. വനം മേഖലയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതില്‍ ഏറെ മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടുണ്ട്. കാനനപാതയില്‍ ഇടത്താവളങ്ങള്‍ ഒരുക്കി തീര്‍ഥാടകര്‍ക്ക് വന്യമൃഗങ്ങളില്‍ നിന്ന് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്കായി ചുക്കുവെള്ള വിതരണവും, മെഡിക്കല്‍ ക്യാമ്പും നടത്തുന്നുണ്ട്. ദേവസ്വം, പോലീസ് തുടങ്ങി വിവിധ വകുപ്പുകളുമായി ചേര്‍ന്ന് മികച്ച പ്രവര്‍ത്തനമാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ഇത് കൂടുതല്‍ ഊര്‍ജിതമായി വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളാ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി എസ് തിരുമേനി, കോട്ടയം പ്രോജക്ട് ടൈഗര്‍ ഫീല്‍ഡ് ഡയറക്ടര്‍ കെ ആര്‍ അനൂപ്, ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ വിജയാനന്ദ്, ഡെപ്യൂട്ടി ഡയറക്ടര്‍ സി കെ ഹാബി, ഡിഎഫ്ഒമാരായ എം ഉണ്ണികൃഷ്ണന്‍, കെ എന്‍ ശ്യാം മോഹന്‍ലാല്‍, വൈ വിജയന്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.