ശബരിമല : മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ അധ്യക്ഷതയില്‍ സന്നിധാനത്ത് അവലോകന യോഗം ചേര്‍ന്നു. തിരക്ക് വര്‍ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് എല്ലാ വകുപ്പുകളും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് പ്രസിഡന്റ് നിര്‍ദേശിച്ചു.
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള വലിയ തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ച് സുരക്ഷ ശക്തമാക്കും. മകരജ്യോതി ദര്‍ശനത്തിനായി ഭക്തര്‍ തമ്പടിക്കുന്ന പാണ്ടിത്താവളം പോലെയുള്ള ഉയര്‍ന്ന ഭാഗങ്ങളില്‍ നിരന്തരം സുരക്ഷാ പരിശോധനയും നിരീക്ഷണവും നടത്തുമെന്നും ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ എസ്.സുജിത് ദാസ് പറഞ്ഞു. വന്യ ജീവി ശല്യം നേരിടുന്ന ഭാഗങ്ങളില്‍ അവയെ തുരത്താനായി സ്‌പെഷ്യല്‍ സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. വനത്തിനുള്ളില്‍ അകപ്പെട്ടു പോകുന്ന അയ്യപ്പഭക്തരെ സുരക്ഷിത സ്ഥാനത്തെത്തിക്കുന്നതിനായി സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും വനം വകുപ്പ് അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ച് ആശുപത്രികളില്‍ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വെളിച്ചം കുറവുള്ള സ്ഥലങ്ങള്‍ പരിശോധിച്ച് കൂടുതല്‍ വെളിച്ചം ലഭ്യമാക്കാനുള്ള സൗകര്യമേര്‍പ്പെടുത്തുമെന്ന് കെ എസ് ഇ ബി യോഗത്തെ അറിയിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ ശബരിമലയിലും, പമ്പയിലും നിലയ്ക്കലും വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് പരിശോധന നടത്തി വരികയാണ്. ഗുരുതര പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇതു വരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശബരിമലയിലും പരിസരപ്രദേശങ്ങളിലും ലഹരി വസ്തുക്കളുടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. 574 കേസുകളിലായി 1,15,000രൂപ പിഴ ചുമത്തിയിട്ടുള്ളതായും എക്‌സൈസ് വകുപ്പ് അറിയിച്ചു. കൂടുതല്‍ കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് വാട്ടര്‍ അതോരിറ്റി അറിയിച്ചു.
ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി എസ് രാജേന്ദ്രപ്രസാദ്, എന്‍ ഡിആര്‍ എഫ്, ആര്‍ എഫ് സേനാ മേധാവികള്‍,
വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.