പത്തനംതിട്ട: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തീര്‍ഥാടകര്‍ക്ക് നാളെ മുതലാണ് പ്രവേശനം. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് പ്രവേശന അനുമതി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം.
60നും 65നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ 24 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. മല കയറുമ്പോള്‍ മാസ്ക് നിര്‍ബന്ധമല്ല. ഉപയോഗിച്ച മാസ്ക് ശേഖരിച്ച് നശിപ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കടകളില്‍ സാനിറ്റൈസറുകളും മാസ്കുകളും അണുനശീകരണ സാധനങ്ങളും ലഭ്യമാക്കും. മെഡിക്കല്‍ സെന്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിപ്പിക്കും. വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തി വി.കെ ജയരാജ് പോറ്റി നടതുറക്കും. ശബരിമലയില്‍ ഒരേ സമയം നാല് എസ്.പിമാരുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണം ഒരുക്കും. മകര വിളക്കു കാലത്ത് നാലു ഘട്ടമായാണ് ക്രമീകരണം. ദക്ഷിണ മേഖലാ ഐജിയും റേഞ്ച് ഡിഐജിയും മേല്‍നോട്ടം വഹിക്കും. നാളെ മുതല്‍ നവംബര്‍ 30 വരെയുള്ള ആദ്യ ഘട്ടത്തില്‍ എസ്.പിമാരായ ആര്. സുകേശന്, ബി. കൃഷ്ണകുമാര്‍ എന്നിവര്‍ക്കാണ് സന്നിധാനത്തെ ചുമതല. കെ.എം. സാബു മാത്യു, കെ.എല്‍. ജോണ്‍കുട്ടി എന്നിവര്‍ക്ക് പമ്പയുടെ ചുമതല നല്‍കും.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം. പതിനെട്ടാം പടിയില്‍ കൈപിടിച്ചു കയറ്റാന്‍ പോലീസ് ഉണ്ടാകില്ല. പതിനെട്ടാംപടിക്ക് താഴെ കൈകാലുകള്‍ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യമുണ്ട്. കൊടിമരച്ചുവട്ടില്‍ നിന്ന് ഭക്തരെ ഫ്ളൈ ഓവര്‍ ഒഴിവാക്കി വലതുവശം വഴി മൂന്ന് നിരയായി കടത്തിവിടും. ശ്രീകോവിലിന് പിന്നില്‍ നെയ് ത്തേങ്ങ സ്വീകരിക്കാന്‍ കൗണ്ടറുണ്ട്. മാളികപ്പുറം ദര്‍ശനം കഴിഞ്ഞു വരുന്ന പാതയിലെ കൗണ്ടറില്‍ നിന്ന് ആടിയശിഷ്ടം നെയ്യ് നല്‍കും. പമ്പയില്‍ ബലിതര്‍പ്പണം ഉണ്ടായിരിക്കില്ല.