പത്തനംതിട്ട: ശബരിമലയില്‍ മേല്‍ശാന്തിയായി ബ്രാഹ്മണരെ തന്നെ നിയമിക്കുമെന്ന് ദേവസ്വം ബോര്‍ഡ്. ഇത്തവണ മേല്‍ശാന്തി നിയമനം ബ്രാഹ്മണരില്‍നിന്ന് മാത്രമായിരിക്കും. അബ്രാഹ്മണരെ നിയമിക്കുന്നത് എല്ലാവരുമായി ചര്‍ച്ച ചെയ്തശേഷം മാത്രം തീരുമാനമെടുക്കും. ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ മാത്രം ദേവസ്വം ബോര്‍ഡ് ഇക്കാര്യം പരിശോധിക്കുമെന്നുമാണ് ദേവസ്വം ബോര്‍ഡ് മാധ്യമങ്ങളോട് പറഞ്ഞത്.
ജൂണ്‍ ഒന്നിനാണ് 2021 സീസണിലേക്കുള്ള ശബരിമല മേല്‍ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്നത്. മലയാളി ബ്രാഹ്‌മണര്‍ക്കു മാത്രമേ നിയമനത്തിന് അപേക്ഷിക്കാന്‍ കഴിയൂ എന്നാണ് ദേവസ്വം വെബ്‌സൈറ്റിലെ വിശദാംശങ്ങളിലുള്ളത്.
ഉത്തരവിനെതിരെ ബി.ഡി.ജെ.എസ് ക്യാമ്പയിനുമായി രംഗത്തുണ്ട്. ശബരിമല മേല്‍ശാന്തി നിയമന നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയും നിലനില്‍ക്കുന്നുണ്ട്. ശബരിമല മാളികപ്പുറം മേല്‍ശാന്തി പദവിയിലേക്ക് അപേക്ഷിക്കുന്നവര്‍ മലയാള ബ്രാഹ്മണന്‍ ആയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുള്ള ഹര്‍ജിയാണ് ഹൈക്കോടതിയിലുള്ളത്.