പത്തനംതിട്ട : മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്തെത്തും. പമ്പക്കും നിലക്കലിനും ഇടയില്‍ ഗതാഗതത്തിന് ഇന്ന് നിയന്ത്രണം ഉണ്ടാവും. ബുധനാഴ്ച്ച രാവിലെ ആറന്‍മുള ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട തങ്ക അങ്കി ഇന്ന് വൈകീട്ട് 5 മണിയോടെയാണ് ശരംകുത്തിയില്‍ എത്തുന്നത്. ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന ആചാരപ്രകാരമുള്ള സ്വീകരണത്തിന് ശേഷമാണ് സന്നിധാനത്തേക്ക് ആനയിക്കുക.
കൊടിമരത്തിനു മുന്നിലായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചേര്‍ന്ന് തങ്ക അങ്കിയെ സ്വീകരിക്കും. തങ്ക അങ്കി പേടകം തന്ത്രിയും മേല്‍ശാന്തിയും ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. നാളെ ഉച്ചക്ക് 11.50നും 1.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ.അതേസമയം, മണ്ഡലപൂജക്കുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി ശബരിമല ചീഫ് സ്പെഷ്യല്‍ ഓഫീസര്‍ എഡിജിപി എസ്. ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. തങ്കയങ്കി നിലയ്ക്കലില്‍ നിന്ന് പുറപ്പെട്ട് പമ്പയിലെത്തുന്നതുവരെ ഈ റൂട്ടീല്‍ വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാവുമെന്ന് പമ്ബ സ്പെഷ്യല്‍ ഓഫീസര്‍ അജിത്ത് കുമാര്‍ അറിയിച്ചു