ശബരിമല : മണ്ഡല പൂജയോട് അനുബന്ധിച്ച് പോലീസിന്റെ സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സന്നിധാനം പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എ.എസ്. രാജു പറഞ്ഞു. തങ്ക അങ്കി ഘോഷയാത്ര ഉച്ചയ്ക്ക് ഒന്നരയോടെ പമ്പയിലെത്തും. പമ്പയില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെടുന്ന ഘോഷയാത്ര പരമ്പരാഗത പാത വഴി വൈകിട്ട് അഞ്ചിന് ശരംകുത്തിയിലെത്തും. ഇവിടുത്തെ സ്വീകരണത്തിന് ശേഷം വൈകിട്ട് ആറിന് തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തും. പ്രത്യേക പോലീസ് സംഘം തങ്ക അങ്കിയെ അനുഗമിക്കും.
തങ്ക അങ്കി എത്തുന്ന സമയത്ത് സന്നിധാനത്ത് തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദര്‍ശനത്തിന് ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. പതിവ് പോലെ ഉച്ചയ്ക്ക് ഒന്നു വരെ മാത്രമേ ദര്‍ശനം അനുവദിക്കു. ഉച്ചയ്ക്ക് ഒന്നിനു ശേഷം ഭക്തരെ സന്നിധാനത്ത് തുടരാന്‍ അനുവദിക്കില്ല. ഇതിന്റെ ഭാഗമായി രാവിലെ 11.30 ന് ശേഷം നിലയ്ക്കലില്‍ നിന്ന് ഭക്തരെ പമ്പയിലേക്ക് കടത്തി വിടുകയില്ല. തങ്ക അങ്കി സന്നിധാനത്ത് എത്തി ദീപാരാധനയ്ക്കു ശേഷം മാത്രമേ ഭക്തരെ ദര്‍ശനത്തിന് അനുവദിക്കൂ. വൈകിട്ട് അഞ്ച് മുതല്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ദര്‍ശനത്തിനായി കടത്തി വിടും. തുടര്‍ന്ന് ഹരിവരാസനം പാടി നട അടയ്ക്കും വരെയും ഭക്തരെ ദര്‍ശനത്തിന് അനുവദിക്കും.
നിലവില്‍ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് സംഘം തന്നെയാവും 25 നും സുരക്ഷയൊരുക്കുക. അത്യാവശ്യ ഘട്ടത്തില്‍ കൂടുതല്‍ സേനയെ വിന്യസിക്കേണ്ടി വന്നാല്‍ മണിയാര്‍, പത്തനംതിട്ട എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ പോലീസ് സംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.