കണ്ണൂർ: ശബരിമല യുവതീപ്രവേശന വിഷയത്തിന് ഇന്ന് പ്രസക്തിയില്ലെന്നും കാലഘട്ടത്തിന്‍റെ ആവശ്യമനുസരിച്ചാണ് പാർട്ടി തീരുമാനങ്ങൾ സ്വീകരിക്കുകയെന്നും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ. പൊതുതാൽപര്യം പരിഗണിച്ചാണ് പാർട്ടി തീരുമാനങ്ങളെടുക്കുന്നത്. അതിനുള്ള അംഗീകാരമാണ് ഓരോ വിഭാഗവും നൽകുന്ന പിന്തുണ. ശബരിമലയിലെ വളർച്ചയിലൂടെ കേരളത്തിനാകെ നേട്ടമുണ്ടാകുകയല്ലേയെന്നും ഇ.പി ചോദിക്കുന്നു. ഇടതുപക്ഷത്തോട് ചായ്‍വ് കാണിച്ചുകൊണ്ട് എൻ.എൻ.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രംഗത്തുവന്നതിനു പിന്നാലെയാണ് ഇ.പിയുടെ പ്രതികരണം.
പ്രതിപക്ഷം പഴയ സംഭവങ്ങൾ ഉയർത്തിക്കാണിച്ച് പുതിയ പ്രവർത്തനങ്ങളെ നിസ്സാരവൽക്കരിക്കുകയും നിരാകരിക്കുകയുമായാണ്. ഇത് ഗുണകരമായ വശമല്ല. ലോകത്തിലെ ആരാധനാകേന്ദ്രങ്ങളിലും പുണ്യസ്ഥലങ്ങളിലും ആളുകൾ എത്തുന്നതിലൂടെ ആ നാട് വളരുകയല്ലേ. ശബരിമലയിലെ വളർച്ചയിലൂടെ കേരളത്തിനാകെ നേട്ടമുണ്ടാകുകയല്ലേ. അതിനെ എന്തിനാണ് തടസപ്പെടുത്തുന്നത്? മക്കയിലും വേളാങ്കണ്ണിയിലുമെല്ലാം ലക്ഷക്കണക്കിന് ആളുകൾ പോകുന്നില്ലേ. അതുപോലെ ശബരിമലയിലും ആളുകൾ വരുന്നതിനാണ് വിശ്വാസികളുടെ സംഗമം സംഘടിപ്പിച്ചത്. അതിനെ എതിർക്കേണ്ട ആവശ്യമില്ല” -ഇ.പി. ജയരാജൻ പറഞ്ഞു.





























