തിരുവനന്തപുരം : സംസ്ഥാനത്തെ കോളേജുകള്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് വിലയിരുത്തി നാഷനല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സില്‍ (നാക്) മാതൃകയില്‍ ഗ്രേഡ്/ റാങ്ക് നല്കാന് സ്റ്റേറ്റ് അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് സെന്റര്‍ (സാക്) പ്രവര്‍ത്തനമാരംഭിക്കുന്നു.
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് കീഴിലുള്ള സാകിന്റെ ആദ്യ സന്ദര്‍ശനം ഈമാസം 23, 24 തീയതികളില്‍ മാവേലിക്കര ബിഷപ്മൂര്‍ കോളേജില്‍ നടക്കും. നാക് മുന്‍ ഡയറക്ടര്‍ പ്രഫ. എച്ച്.എ. ഗൗഡ അധ്യക്ഷനായ ടീമാണ് കോളേജിന്റെ മികവ് വിലയിരുത്താനെത്തുന്നത്. എം.ജി സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. സാബു തോമസ്, കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയര്മാന് ഡോ. മൈക്കിള്‍ തരകന്, കാലിക്കറ്റ് സര്‍വകലാശാല റിട്ട. പ്രഫ. ഫാത്തിമത്ത് സുഹ്റ എന്നിവര്‍ ടീം അംഗങ്ങളും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ റിസര്‍ച് ഓഫീസര്‍ ഡോ. വി. ഷഫീഖ് കോഓഡിനേറ്ററുമാണ്. സംസ്ഥാനതലത്തില്‍ കോളേജുകള്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഗ്രേഡ്/റാങ്ക് ചെയ്യുന്നതിനൊപ്പം ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള ഗ്രേഡിങ്ങിന് പര്യാപ്തമാക്കലും ലക്ഷ്യമിട്ടാണ് സാകിന് തുടക്കമിട്ടത്.
അന്തര്‍ദേശീയ റാങ്കിങ്ങിന് ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവും പരിശീലനവും സാക് ടീമില്‍നിന്ന് ലഭിക്കും. നാക് മാതൃകയിലുള്ള ഗ്രേഡിങ്ങിന് പുറമെ കേന്ദ്രസര്‍ക്കാറിന്റെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ റാങ്കിങ് ഫ്രെയിം വര്‍ക്ക് (എന്‍.ഐ.ആര്.എഫ്) മാതൃകയില്‍ കേരള ഇന്‍സ്റ്റിറ്റ്യൂഷനല്‍ റാങ്കിങ് ഫ്രെയിം വര്‍ക്ക് (കെ.ഐ.ആര്.എഫ്) പ്രകാരം സ്ഥാപനങ്ങള്‍ക്ക് റാങ്കും നല്‍കും. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് തന്നെ സാക് സംവിധാനം കൗണ്‍സില്‍ മുന്നോട്ടുവെച്ചിരുന്നെങ്കിലും സര്‍ക്കാറില്‍ നിന്ന് അനുകൂലനീക്കങ്ങള് ഉണ്ടായില്ല.
പുതിയ സര്‍ക്കാര്‍ വന്നശേഷമാണ് സാകിന്റെ നടപടികള്‍ക്ക് വേഗം വന്നത്. സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്ന സ്വയം വിലയിരുത്തല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സാക് ടീമിന്റെ വിലയിരുത്തല്‍. നാകിന്റെ ഏഴ് മാനദണ്ഡങ്ങളും സാക് രൂപപ്പെടുത്തിയ മൂന്ന് മാനദണ്ഡങ്ങളും അടിസ്ഥാനപ്പെടുത്തിയായിരിക്കും ഗ്രേഡിങ്ങും റാങ്കിങ്ങും. ഇതിനകം പത്തിലേറെ കോളേജുകള്‍ സാക് ഗ്രേഡിങ്ങിനായി നടപടികള്‍ തുടങ്ങിയിട്ടുണ്ട്.