മഥുര : യു.പി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലാക്കിയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ വീണ്ടും അന്വേഷണം നടത്തണമെന്ന ആവശ്യം കോടതി തള്ളി. കുറ്റപത്രം നല്‍കിയ കേസില്‍ ഇനി അന്വേഷണത്തിന് അനുമതി നല്‍കാനാവില്ലെന്ന് യു.പി പോലീസിന്റെ ആവശ്യം തള്ളി കോടതി വ്യക്തമാക്കി.
ശബ്ദവും കൈയെഴുത്തും പരിശോധിച്ച് വീണ്ടും അന്വേഷണം നടത്തണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. മഥുര അഡീഷണല്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അനില്‍ കുമാര്‍ പാണ്ഡെയാണ് ആവശ്യം തള്ളിയത്.
കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന യു.പി. പോലീസിന്റെ ആവശ്യം ദുരുദ്ദേശപരമാണെന്ന് സിദ്ദീഖ് കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് വാദിച്ചു. നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനക്ക് തയ്യാറാണെന്ന് നേരത്തെ സിദ്ദീഖ് കാപ്പന്‍ അറിയിച്ചതാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇതുവരെ പോലീസ് കൈമാറിയിട്ടില്ല. പത്തു മാസത്തിലേറെയായി സിദ്ദീഖ് കാപ്പന്‍ ജയിലിലാണ്. ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യത്തില്‍ കോടതി പോലീസിന്റെ പ്രതികരണം തേടിയിട്ടുണ്ട്. കേസ് ആഗസ്റ്റ് 23ന് വീണ്ടും പരിഗണിക്കും.