കോഴിക്കോട് : ഭരണഘടനാ വിമര്‍ശനത്തില്‍ സജി ചെറിയാന് മന്ത്രി സ്ഥാനം മാത്രമല്ല, എംഎല്‍എ സ്ഥാനം കൂടി നഷ്ടപ്പെടുമെന്ന് കെ.മുരളീധരന്‍ എംപി സത്യപ്രതിജ്ഞ ലംഘനമാണ് മന്ത്രി നടത്തിയത്. ഇക്കാര്യത്തില്‍ കൃത്യമായ തെളിവ് ഉള്ളതിനാല്‍ കൂടുതല്‍ അന്വേഷണം പോലും വേണ്ടെന്ന് കെ.മുരളീധരന്‍ പറഞ്ഞു.
‘സജി ചെറിയാന്‍ സത്യപ്രതിജ്ഞ ലംഘിച്ചു. ഈ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്താല്‍ ഇവിടെ മന്ത്രി സ്ഥാനം മാത്രമല്ല, എംഎല്‍എ സ്ഥാനവും പോവും. ഇതില്‍ അന്വേഷണത്തിന്റെ ആവശ്യമില്ല. കൃത്യമായ തെളിവാണ്. രണ്ട് കാര്യങ്ങളാണ് കേരളത്തില്‍ ഇതുവരെ നടന്നതില്‍ പ്രോസിക്യൂഷന് ഒരു ജോലിയും ഇല്ലാത്തത്. ഒന്ന് നിയമസഭയിലെ ആക്രമണം, രണ്ടാമത്തേത് സജി ചെറിയാന്റെ പരാമര്‍ശം.’ കെ.മുരളീധരന്‍ പറഞ്ഞു.
മന്ത്രി രാജിവെച്ച് പുറത്ത് പോകണം, മുഖ്യമന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെടാത്ത പക്ഷം ഗവര്‍ണര്‍ ഇടപെടണമെന്നും മുരളീധരന്‍ പറഞ്ഞു. സര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് യുഡിഎഫ് നീക്കം. ഭരണഘടനയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല, മന്ത്രി സജി ചെറിയാന്‍ അവഹേളിക്കുകയാണ് ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു.
ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് എഴുതിയ ഭരണഘടനയാണത്. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഭരണഘടനയുടെ ഉദ്ദേശ്യം. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കവെയായിരുന്നു സജി ചെറിയാന്റെ പ്രസ്താവന.