റാന്നി: സമഗ്ര ശിക്ഷ കേരള റാന്നി ബി.ആർ.സി ശബരിമല വനമേഖലയിലെ കുട്ടികൾക്കായി പ്രത്യേക പരിപാടികൾ ആരംഭിച്ചു. അവധിക്കാലത്ത് വിരസമായി വീട്ടിലിരിക്കുന്ന കുട്ടികൾക്ക് വിനോദവും വിജ്ഞാനവും സന്തോഷവും പകരാനാണ് ബിആർസിക്ക് പുറത്തുള്ള അക്കാദമിക വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള ബി.പി.സി ബ്രിഗേഡ് പ്രവർത്തിക്കുന്നത്. ശബരിമല വനമേഖലയിലെ ആദ്യ പരിപാടി ശാസ്ത്രരംഗം ജില്ലാ കോഡിനേറ്ററും പാഠപുസ്തക-ടീച്ചർ ടെസ്റ്റ് രചന സമിതി അംഗവുമായ എഫ്. അജിനി മഞ്ഞ തോട്ടിലെ ആദിവാസി ഊരിൽ ഉദ്ഘാടനം ചെയ്തു. ഊര് മൂപ്പൻ രാജു, ബി.പി.സി ഷാജി എ. സലാം, അംഗനവാടി അധ്യാപിക ശൈലജ, സ്പെഷൽ എഡ്യുക്കേറ്റർമാരായ ആര്‍ രാജശ്രീ, വി ആർ വിഞ്ചു, എന്നിവര്‍ പ്രസംഗിച്ചു.
എഫ് അജിനി അവതിരിപ്പിച്ച ശാസ്ത്ര മാജിക്കുകൾ കുട്ടികൾക്ക് നവ്യാനുഭവമായി. എല്ലാ കുട്ടികൾക്കും ബാലമാസികകളും വായന സാമഗ്രികളും നൽകി. പ്ലാപ്പള്ളി, മഞ്ഞത്തോട് എന്നീ ഊരുകളിൽ നടന്ന പരിപാടിയിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. പരിപാടിക്ക് എത്താത്ത കുട്ടികളുടെ വീട്ടിൽ എത്തി ലഘുഭക്ഷണവും ബാലമാസികകളും ബലൂണും നൽകി. പോലീസ് ഓഫിസർമാരായ ടി.ജി സുധീഷ് ബാബു, രതീഷ് ബാബു, സുധീഷ്, ശ്രീനാഥ് എന്നിവരും സംഘത്തോടൊപ്പം സമയം ചിലവഴിച്ചു. സമഗ്ര ശിക്ഷാ കേരളയുടെ ആക്സസ് ആൻ്റ് റീടെൻഷൻ എന്ന ഇടപെടൽ മേഖലയുടെ ഭാഗമായാണ് ബി.പി.സി ബ്രിഗേഡ് പ്രവർത്തിക്കുന്നത്. ഊരുകളിൽ ശാസ്ത്ര മാജിക്കുകളും ക്രിസ്മസ് ആഘോഷവും നാടൻ പാട്ടുകളുമൊക്കെയായി കുട്ടികളെ സന്തോഷഭരിതരാക്കിയാണ് സംഘം മടങ്ങിയത്. പ്രവർത്തനങ്ങൾക്ക് ബി.പി.സി ഷാജി എ. സലാം നേതൃത്വം നൽകി.