ദില്ലി : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിച്ച സ്ഥലങ്ങൾ ഗംഗാജലം ഉപയോഗിച്ച് ശുദ്ധികലശം നടത്തിയ കേസിൽ പത്തോളം പേർ അറസ്റ്റിൽ. സമാജ്‌വാദി പാർട്ടി പ്രവർത്തകരാണ് അറസ്റ്റിലായത്. സംഭാൽ ജില്ലയിൽ ആദിത്യനാഥ് സന്ദർശിച്ച സ്ഥലങ്ങളാണ് ഇവർ ശുദ്ധീകരിച്ചത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ കേസെടുത്തത്. സമാജ്‌വാദി പാർട്ടി യുവജൻ സഭ സംസ്ഥാന പ്രസിഡൻ്റ് ഭവേഷ് യാദവ് അടക്കം ഒരു സംഘം ആളുകൾക്കെതിരെ കേസെടുത്തു എന്ന് എസ്പി ചക്രേഷ് മിശ്ര അറിയിച്ചു.
സംഭാലിൽ ഉദ്ഘാടനവും തറക്കല്ലിടലും നടത്തി ആദിത്യനാഥ് മടങ്ങിയതിന് പിറ്റേന്ന് സ്ഥലത്തെത്തിയ സമാജ്‌വാദി പ്രവർത്തകരാണ് ശുദ്ധികലശം നടത്തിയത്. ഗംഗാ നദിയിൽ നിന്നെടുത്ത വെള്ളം തളിച്ചായിരുന്നു ശുദ്ധികലശം. അവിടം സന്ദർശിച്ചിട്ടും മാ കൈലാ ദേവി ക്ഷേത്രം സന്ദർശിക്കാതിരുന്ന ആദിത്യനാഥ് ദേവിയെ അപമാനിച്ചു എന്ന് സമാജ്‌വാദി പാർട്ടി പ്രവർത്തകർ ആരോപിച്ചു. തുടർന്ന് സംഭാലിലെ ഒരു കൂട്ടം ആളുകൾ ഇവർക്കെതിരെ പരാതി നൽകുകയായിരുന്നു.