തിരുവനന്തപുരം : കേന്ദ്ര, സംസ്ഥാന സർക്കാരുകളെ കുറ്റവിചാരണ ചെയ്യുന്ന കെ.പി.സി.സിയുടെ ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്രയ്ക്ക് തിരുവനന്തപുരത്ത് സമാപനം. ഫെബ്രുവരി ഒമ്പതിന് കാസർകോട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് യാത്ര ഉദ്ഘാടനം ചെയ്തത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംയുക്തമായാണ് ജാഥ നയിച്ചത്. പതിനാല് ജില്ലകളിലും പര്യടനം നടത്തിയ യാത്രയ്ക്കിടെ മഹാസമ്മേളനങ്ങളും സംഘടിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നാലരയോടെ സെക്രട്ടേറിയറ്റിന് മുന്നിലെ ആസാദ് ഗേറ്റിനു സമീപത്ത് നിന്നും ഘോഷയാത്രയായി സമരാഗ്‌നി നായകരെ സമ്മേളന നഗരിയായ പുത്തിരിക്കണ്ടം മൈതാനിയിലെ ഉമ്മൻചാണ്ടി നഗറിലേയ്ക്ക് ആനയിച്ചു. തുടർന്ന് നേതാക്കൾ ഉമ്മൻചാണ്ടിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി. സമാപന സമ്മേളനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്തു.