ആലപ്പുഴ : തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിൽ പ്രതിപക്ഷവും സിപിഐയും സമരം ശക്തമാക്കുമ്പോൾ പൊഴിയിൽ നിന്ന് മണൽ നീക്കുന്ന ജോലികൾ സർക്കാർ വേഗത്തിലാക്കി. ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കാതെ കരിമണൽ കടത്തിക്കൊണ്ടുപോകുന്നുവെന്നാണ് സമരക്കാരുടെ ആരോപണം. എന്നാൽ പ്രളയരക്ഷാനടപടികൾക്കൊപ്പം കരിമണൽ പൊതുമേഖലയ്ക്ക് നൽകി പരമാവധി വരുമാനം നേടുകയാണ് വ്യവസായ വകുപ്പിന്റെ ലക്ഷ്യം.
സ്പിൽവേയുടെ ലീഡിംഗ് ചാനൽ തുടങ്ങുന്ന വീയപുരം മുതൽ തോട്ടപ്പള്ളി വരെ ജലയാത്ര നടത്തിയാണ് കോൺഗ്രസ് പ്രതിഷേധം. പ്രളയജലം ഒഴിവരുന്ന ചാനലിന്റെ ആഴം കൂട്ടാതെ പൊഴിമുഖത്തെ മണൽ നീക്കുന്നതിൽ അർത്ഥമില്ല. എന്നാൽ പ്രതിഷേധങ്ങൾക്കിടെയിലും പൊഴിയിൽ നിന്ന് നീക്കുന്ന മണൽ കെഎംഎംഎൽ കൊണ്ടുപോകുന്നുണ്ട്. പ്രളയരക്ഷാനടപടികൾക്കൊപ്പം വരുമാന മാർഗ്ഗമായി കൂടി സർക്കാർ കരിമണലിനെ കാണുന്നു. പൊതുമേഖലയിലേക്ക് കരിമണൽ കൊണ്ടുപോകുന്നതിൽ തെറ്റില്ലെന്ന് വ്യവസായ മന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷത്തിനൊപ്പം സിപിഐ കൂടി സർക്കാർ വിരുദ്ധ സമരത്തിന്റെ ഭാഗമായതിൽ സിപിഎമ്മിന് കടുത്ത അതൃപ്തിയുണ്ട്. എന്നാൽ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഖനനം വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിപിഐ.