തിരുവനന്തപുരം: ഇഡിക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് സ്വര്‍ണക്കടത്തുകേസിലെ പ്രതി സന്ദീപ് നായരുടെ അഭിഭാഷക പി വി വിജയം വ്യക്തമാക്കി. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍. ‘എന്റെ പരാതിയിലാണ് കേസെടുത്തതെന്ന വാദം തെറ്റാണ്. ഞാന്‍ മാത്രമാണ് സന്ദീപിന് അഭിഭാഷകയായിട്ടുള്ളത്. സന്ദീപ് കോടതിക്കാണ് പരാതി നല്‍കിയത്. ആ പരാതിയുടെ കോപ്പി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ല.ഡി ജിപിക്ക് പരാതി നല്‍കിയിട്ടില്ല. നല്‍കാത്ത പരാതിയില്‍ എങ്ങനെ കേസെടുക്കും’- അഭിഭാഷക ചോദിച്ചു.
ഇന്നലെയാണ് സന്ദീപ് നായരുടെ അഭിഭാഷക ഡി ജി പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെന്ന് പറഞ്ഞ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സംസ്ഥാന ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ ഇ.ഡി നിര്‍ബന്ധിച്ചുവെന്നാണ് പരാതി. സന്ദീപ് നായര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരാതി നല്‍കുകയായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.
അതേസമയം, സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഇ.ഡിക്കെതിരെയുള്ള ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കാന്‍ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ ഹര്‍ജി ദുരുദ്ദേശ്യപരമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി എം.പി. പ്രിയമോള് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.