ന്യൂഡല്‍ഹി: സിജെപി സമരത്തില്‍ അണിനിരന്ന ദലിത് പെണ്‍കുട്ടിയുടെ പിതാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഘ്പരിവാര്‍ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിനെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്. വിദ്യാര്‍ഥിനിക്കെതിരെ ഇയാള്‍ നടത്തിയ ഓണ്‍ലൈന്‍ വഴിയുള്ള ഭീഷണികളും ഉപദ്രവങ്ങളും കണക്കിലെടുത്ത് പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന സിജെപി പ്രതിഷേധത്തിനിടെ ദലിത് വിദ്യാര്‍ഥിനിയായ നിഷു ആസാദിന്റെ പിതാവ് സഞ്ജയ് ആസാദിനെയാണ് ഇയാള്‍ ക്രൂരമായി മര്‍ദിച്ചത്.
സഞ്ജയ് ആസാദിന് തലയോട്ടിക്ക് സാരമായി പരിക്കേറ്റിരുന്നു. എന്നാല്‍ കേസില്‍ ശക്തമായ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. തടഞ്ഞുവെച്ചതിനും ആക്രമിച്ചതിനും നിസ്സാര കേസ് മാത്രമാണെടുത്തത്. പിന്നീട് ഒരു യൂട്യൂബ് ചാനലിലൂടെ ഇയാള്‍ തന്നെയാണ് സഞ്ജയ് ആസാദിനെ താന്‍ ക്രൂരമായി മര്‍ദിച്ച കാര്യം വെളിപ്പെടുത്തിയത്.’ നിഷുവിന്റെ അച്ഛന്റെ തല ഞാന്‍ അടിച്ചു പൊട്ടിച്ചു. വധശ്രമത്തിനാണ് കേസെടുക്കേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ തലയില്‍ 60 തുന്നലുകള്‍ വേണ്ടിവന്നു. ആംബുലന്‍സില്‍ കിടന്ന് ആ മനുഷ്യന്‍ മരിക്കാറായിരുന്നു. തന്റെ പിതാവിന് നീതി ലഭിച്ചില്ലെങ്കില്‍ വിഷം കഴിച്ച് മരിക്കുമെന്ന് മകള്‍ സ്റ്റേഷന് മുന്നില്‍ നിന്ന് കരഞ്ഞു പറഞ്ഞു.
പക്ഷേ അടുത്ത ദിവസം ഞാന്‍ പുറത്തിറങ്ങി. ജയിലില്‍ പോവുകപോലും ചെയ്തില്ല, രാത്രി മുഴുവന്‍ പുറത്ത് കറങ്ങി നടക്കുകയായിരുന്നു,’ പോഡ്കാസ്റ്റില്‍ ഇയാള്‍ പറഞ്ഞു. ബിജെപി നേതാക്കളായ കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവരുടെ സഹായമുള്ളതിനാല്‍ താന്‍ ജയിലില്‍ പോയില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന്‍ തന്റെ സുഹൃത്താണെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് സിജെപി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ ഇന്നലെ സമരം ആരംഭിച്ചത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അക്രമികളെ എത്രയും വേഗം പിടികൂടാമെന്നും കടുത്ത വകുപ്പുകള്‍ ചുമത്താമെന്നും പോലീസ് സമ്മതിക്കുകയായിരുന്നു.
































