ന്യൂഡൽഹി : നഗരത്തിലെ അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി വിഷപ്പുക ശ്വസിച്ച് മരിച്ചു. ഡൽഹിയിലെ ഷഹ്ദരയില്‍ ഞായറാഴ്ചയാണ് സംഭവം. രവിയെന്നയാളാണ് മരിച്ചത്. ഇയാള്‍ക്കൊപ്പം ഓവുചാല്‍ വൃത്തിയാക്കാനിറങ്ങിയ സഞ്ജയ് ആശുപത്രിയില്‍ ചികിത്സയിലാണ്.
15 അടി നീളമുള്ള ഓവുചാല്‍ വൃത്തിയാക്കാനായി സ്വകാര്യ കരാറുകാരനാണ് രവിയും സഞ്ജയും ഉള്‍പ്പെടെ അഞ്ചുപേരെ ഏര്‍പ്പാടാക്കിയത്. ഡൽഹി വികസന അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ശുചീകരണ നടപടികള്‍ നടത്തിയത്. എന്നാല്‍ വൃത്തിയാക്കാനിറങ്ങിയ ഇവര്‍ക്ക് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നില്ല. രവിയാണ് അഴുക്കുചാലിലേക്ക് ആദ്യമിറങ്ങിയത്. ഏറെ നേരം കഴിഞ്ഞും ഇയാളെ കാണാതായതോടെ സഞ്ജയ് പിന്നാലെ ഇറങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മറ്റുള്ള തൊഴിലാളികളാണ് പോലീസിനെ വിവരമറിയിച്ചത്.
രണ്ടുപേര്‍ അഴുക്കുചാലിനുള്ളില്‍ കുടുങ്ങി കിടക്കുന്നത് ഉച്ചയോടെ അറിഞ്ഞ പോലീസ് അവിടേക്കെത്തി കയറുപയോഗിച്ച് ഇവരെ പുറത്തെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രവിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ സ്വകാര്യ കരാറുകാരനെതിരെ കേസെടുത്തു.