തിരുവനന്തപുരം : കേരളത്തിന്റെ യുവ ഫുട്ബോൾ താരം ആദർശിന് കൈത്താങ്ങായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സ്പെയ്നിലെ മൂന്നാം ഡിവിഷൻ ലീഗ് ക്ലബ്ബായ ഡീപോർട്ടീവോ വാ വിർജെൻ ഡെൽ കാമിനോവിൽ ഒരു മാസം നീളുന്ന പരിശീലനത്തിന് ആദർശിന് അവസരം ലഭിച്ചു. എന്നാൽ സ്പെയ്നിലെത്താൻ സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ സഹായിക്കാൻ സഞ്ജു സാംസൺ എത്തുകയായിരുന്നു.
സ്പെയ്നിലേക്കുള്ള വിമാന ടിക്കറ്റുകൾ സഞ്ജു സ്പോൺസർ ചെയ്തു. സഞ്ജുവിന് പുറമെ സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാനും ബാക്കി പണം കണ്ടെത്തുന്നതിന് ആദർശിനെ സഹായിച്ചു. കാരക്കാട് ലിയോ ക്ലബ്ബ് 50000 രൂപ സമാഹരിച്ച് നൽകിയെന്നും സജി ചെറിയാൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മാന്നാർ കുട്ടംപേരൂർ സ്വദേശിയായ ആദർശ് തിരുവല്ല മാർത്തോമ്മ കോളേജ് ബിരുദ വിദ്യാർഥിയാണ്. ലെഫ്റ്റ് വിങ്ങ് ഫോർവേഡായ ആദർശ് ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കടുത്ത ആരാധകനാണ്.