ശബരിമല : മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമല സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ ഇതുവരെ ചികിത്സ തേടിയത് 11434പേര്‍. ഇതുവരെ 1680 പേര്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും സന്നിധാനം മെഡിക്കല്‍ ചാര്‍ജ് ഓഫീസര്‍ അറിയിച്ചു.
ഹൃദയാഘാതം വന്നവരില്‍ 20 വയസുമുതല്‍ 76 വയസുവരെയുള്ളവരുണ്ട്. പമ്പ മുതല്‍ ശബരിമല വരെയുള്ള ദീര്‍ഘദൂര കയറ്റം ആരോഗ്യമുള്ള ഒരാളില്‍ പോലും വിവിധ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. അതിനാല്‍ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും വളരെ പെട്ടെന്ന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. എല്ലാ പ്രായത്തിലുമുള്ള തീര്‍ത്ഥാടകരും സാവധാനം മലകയറണം. 45 വയസിന് മുകളിലുള്ള എല്ലാ തീര്‍ഥാടകരും പ്രത്യേകിച്ച് പാരമ്പര്യമായി ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോ രക്താതിമര്‍ദ്ദമോ ഉള്ളവര്‍ മലകയറുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് വിധേയരാകണം. സ്ഥിരമായി മരുന്ന് കഴിക്കുന്ന തീര്‍ത്ഥാടകര്‍ വ്രതത്തിന്റെ ഭാഗമായി മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്തരുത്. ആസ്ത്മ രോഗികളും അലര്‍ജിയുമായി ബന്ധപ്പെട്ട ശ്വസന പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരും മലകയറുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും സന്നിധാനം മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു.