23.2 C
Pathanāmthitta
Thursday, January 27, 2022 2:50 am
- Advertisment -

കോടികള്‍ മുടക്കി ‘കേരള ടൂറിസം’ പരസ്യം ചെയ്യുന്നതെന്തിന്? ; സന്തോഷ് ജോര്‍ജ്ജ് കുളങ്ങര

തിരുവനന്തപുരം : ഒരു തെരുവു​ഗുണ്ടയോടോ ആഭാസത്തരം കാണിക്കുന്ന ആളോടോ പെരുമാറുന്ന പോലെ തന്നെ പോലീസ് ഒരു വിദേശിയോട് പെരുമാറേണ്ട ആവശ്യമില്ലെന്ന് സന്തോഷ് ജോർജ് കുളങ്ങര. കോവളത്ത് വെച്ച് സ്വീഡിഷ് പൗരനെ പോലീസ് മദ്യപരിശോധന നടത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ന്യൂ ഇയർ ആഘോഷിക്കാൻ മൂന്ന് ഫുൾബോട്ടിൽ മദ്യവുമായി കോവളത്തെ ഹോം സ്റ്റേയിലേക്ക് വരുകയായിരുന്നു സ്വീഡിഷ് പൗരനായ സ്റ്റീവ്.

സ്റ്റീവിനെ പോലീസ് തടഞ്ഞു. സ്റ്റീവിന്റെ സ്‌കൂട്ടറില്‍നിന്ന് മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യം പോലീസ് കണ്ടെത്തി. മദ്യം വാങ്ങിയ ബില്‍ ഹാജരാക്കാന്‍ പോലീസ് സ്റ്റീവിനോട് ആവശ്യപ്പെട്ടു. ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന്  പറഞ്ഞെങ്കിലും പോലീസ് വിട്ടില്ല. സഹികെട്ട് സ്റ്റീവ് തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് മദ്യം പുറത്ത് കളഞ്ഞു. വിദേശിയോടുള്ള  പോലീസിന്റെ പെരുമാറ്റത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യമാണുള്ളത്. ഇത്തരം സംഭവങ്ങൾ കേരളത്തിനുണ്ടാക്കുന്ന നഷ്ടം വളരെ വലുതാണെന്നും സന്തോഷ് ജോർജ്ജ് കുളങ്ങര മാധ്യമങ്ങളോട് പറഞ്ഞു.

ടൂറിസ്റ്റുകളോടും പ്രത്യേകിച്ച് വിദേശത്ത് നിന്ന് വന്ന ആളുകളോടും കുറച്ചുകൂടി സെൻസിബിളായി പെരുമാറണമെന്നാണ് എന്റെ അഭിപ്രായം. സെൻസിബിൾ എന്ന് പറഞ്ഞാൽ നിയമം നടപ്പാക്കുമ്പോൾ വളരെ പ്രാകൃതമായും റൂഡായിട്ടും നടപ്പാക്കുകയും ചെയ്യാം. കുറച്ച് കൂടി ഡിപ്ലോമാറ്റിക് ആയി നടപ്പിലാക്കുകയും ചെയ്യാം. ഒരു തെരുവു​ഗുണ്ടയോടോ ആഭാസത്തരം കാണിക്കുന്ന ആളോടോ പെരുമാറുന്ന പോലെ തന്നെ പോലീസ് ഒരു വിദേശിയോട് പെരുമാറേണ്ട ആവശ്യമില്ല. കാരണം അവർ കുറച്ചു കൂടി സിവിലൈസ്ഡ് ആയിട്ടുള്ള ഒരു സമൂഹത്തിൽ നിന്ന് വരുന്നവരും നമ്മുടെ ഒരു അതിഥി എന്ന് വേണമെങ്കിൽ വിളിക്കാവുന്ന ആളുകളുമാണ്.

നമ്മുടെ വീട്ടിൽ അം​ഗങ്ങളോട് പെരുമാറുന്ന പോലെ ആയിരിക്കുകയില്ലല്ലോ വീട്ടിലൊരു അതിഥി വന്നാൽ പെരുമാറുന്നത്? അതിഥിയായെത്തുന്ന കുട്ടി ചെറിയൊരു കുസൃതി കാണിച്ചാൽ പോലും നമ്മുടെ മക്കളോട് പെരുമാറുന്ന അതേ കടുപ്പത്തിൽ പെരുമാറാറില്ല. ഇതൊക്കെ നമ്മുടെ മര്യാദയുടെ കൂടെ ഭാ​ഗമാണ്. പോലീസുകാരുടെ ജോലിയുടെ പ്രഷറും  മനുഷ്യരോടുള്ള പെരുമാറ്റത്തിൽ പ്രശ്നമുണ്ടാക്കുന്നുണ്ട് എന്നെനിക്ക് തോന്നുന്നു.

ടൂറിസ്റ്റ് പോലീസ് എന്നൊരു കൺസെപ്റ്റ് ഉണ്ടാക്കിയത് തന്നെ ആളുകളോട് മാന്യമായി പെരുമാറുന്ന പോലീസുകാരെ ഫോം ചെയ്യാൻ വേണ്ടിയാണ്. അതൊന്നും ഫലപ്രദമല്ല എന്നല്ലേ ഇത്തരം സംഭവങ്ങൾ  തെളിയിക്കുന്നത്?  ടൂറിസം വളർത്താൻ വേണ്ടി നമ്മൾ ഏകദേശം നൂറുകോടിയോളം രൂപ പ്രമോഷന് വേണ്ടി മാത്രം മുടക്കുന്ന സംസ്ഥാനമാണ്. അതായത് ഒരു വർഷം ഏകദേശം 75 കോടിക്കും 100 കോടിക്കും ഇടയിൽ മാർക്കറ്റിം​ഗ് ആക്റ്റിവിറ്റിക്ക്  വേണ്ടി സർക്കാർ മുടക്കുന്നുണ്ട്. അതായത് കേരളത്തെ ലോകത്തിന് പരിചയപ്പെടുത്താനും കേരളത്തിലേക്ക് ടൂറിസ്റ്റുകൾ വരാനും അതിന് വേണ്ടി അഭ്യർത്ഥിക്കാനും അതിന് വേണ്ടി പരസ്യം ചെയ്യാനും ട്രാവൽ ഫെയറുകളിൽ പങ്കെടുക്കുന്നതിനും ഒക്കെ വേണ്ടി ഏകദേശം 100 കോടിയോളം മുടക്കുന്നുണ്ട്.

എന്തിന് വേണ്ടിയാണിതൊക്കെ മുടക്കുന്നത്? ആളെ ഇങ്ങോട്ടു ക്ഷണിക്കുന്നതിനും, വരൂ കേരളത്തെ ആസ്വദിക്കൂ, അതിഥി ദേവോ ഭവ എന്നാണ് ഞങ്ങളുടെ ആപ്തവാക്യം എന്ന് പറഞ്ഞ് വിളിച്ചു കൊണ്ടുവരുന്ന ഒരാൾ ഇവിടെ വരുമ്പോൾ ഇങ്ങനെയാണ് പോലീസ്, അല്ലെങ്കിൽ പൊതുജനം, സമൂഹം പെരുമാറുന്നത് എങ്കിൽ, സർക്കാർ സംവിധാനം പെരുമാറുന്നത് എങ്കിൽ കാശു മുടക്കി ചെയ്യുന്ന ഈ പ്രവർത്തിയെല്ലാം വേസ്റ്റായി എന്നല്ലേ അതിനർത്ഥം?  ഇത് ഒരു വിദേശി സ്വന്തം നാട്ടിലെ മാധ്യമങ്ങളിലൂടെ അല്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ ഇങ്ങനെയൊരു കാര്യത്തിന്റെ വീഡിയോ സഹിതം പ്രചരിപ്പിച്ചാൽ നമ്മുടെ കേരളത്തിനുണ്ടാകുന്ന ഡാമേജ് വളരെ വലുതാണ്. ആ നാട്ടിൽ കേരളം എന്ന് കേൾക്കുന്നത് തന്നെ ചിലപ്പോൾ ഈ സംഭവത്തിന്റെ പേരിലായിരിക്കും.

ലോകത്തിലെ കൊളളാവുന്ന ഒരു നാട്ടിലും മദ്യം ഒരു അസുലഭ വസ്തുവല്ല. അല്ലെങ്കിൽ മദ്യം ഇത്രയും നാണംകെട്ട രീതിയിൽ വിൽക്കുന്ന ഒരു സംവിധാനം ലോകത്തൊരിടത്തുമില്ല. നാണംകെട്ട രീതിയിൽ എന്ന് ഞാൻ പറയുന്നത്, മനുഷ്യൻ കാശുമുടക്കി, വെയിലുംകൊണ്ട്, ക്യൂവും നിന്ന്, മുഖത്ത് ഹെൽമെറ്റും വെച്ചാണ് വാങ്ങാൻ നിൽക്കുന്നത്. ലോകത്തൊരിടത്തും ഇത്തരമൊരു സംവിധാനം ഞാൻ കണ്ടിട്ടില്ല. അവിടെയൊക്കെ മറ്റേതൊരു വസ്തുവും പോലെ കടയിൽ വിൽക്കുന്ന ഒരു സാധനമാണിത്. ക്യൂ നിന്ന് വാങ്ങിയാലും കടയിൽ നിന്ന് സാധാരണ പോലെ വാങ്ങിയാലും ഇതു കൊണ്ടുള്ള ഉപയോ​ഗവും ഇതുമൂലമുള്ള ഇംപാക്റ്റും ഒരുപോലെയല്ലേ? ഇങ്ങനെ നാണംകെടുത്തി മനുഷ്യനെക്കൊണ്ട് സാധനം വാങ്ങിപ്പിക്കേണ്ട കാര്യമെന്താണ്?

ദുർലഭമായ സാധനങ്ങൾക്കാണ് മനുഷ്യർക്ക് ഡിമാന്റ് കൂടുന്നത്. മദ്യം സാധാരണ സാധനങ്ങൾ വാങ്ങുന്നത് പോലെ കടകളിൽ വിൽക്കുന്ന നാടുകളിൽ ഞാൻ‌ പോയിട്ടുണ്ട്. കേരളത്തിലേതുപോലെ മദ്യത്തോടുള്ള ആസക്തിയും ഞാനെവിടെയും കണ്ടിട്ടില്ല. ഇതിന് വേണ്ടി തിരക്കു കൂട്ടുന്നത് കണ്ടിട്ടില്ല. എവിടെച്ചെന്നാലും കിട്ടും എന്നുള്ളത് കൊണ്ട് ആളുകൾക്ക് അത്രയേയുള്ളൂ താത്പര്യം. ആ ഒരു കൾച്ചർ തന്നെ മാറണമെന്നാണ് എന്റെ അഭിപ്രായം.  മദ്യത്തിന്റെ ഉപയോ​ഗം എങ്ങനെ മാന്യമായിരിക്കണം എന്ന് നമ്മൾ പഠിപ്പിക്കേണ്ടതുണ്ട്. മദ്യപിക്കുന്നത് ഒരു സിവിലൈസ്ഡ് സൊസൈറ്റി എങ്ങനെയാണ് ചെയ്യുന്നതെന്ന് നമ്മൾ കണ്ടിട്ടില്ല. യൂറോപ്പിലെത്തുന്ന മലയാളി കേരളത്തിലേത് പോലെ തന്നെയാണ്.

കേരളത്തിലെത്തുന്ന ടൂറിസ്റ്റുകൾക്ക് അങ്ങനെയൊരു മുൻവിധിയില്ല. മദ്യത്തിന് ക്ഷാമമുള്ള നാടാണിതെന്ന് വിദേശികൾക്ക്  അറിയില്ല. അവർ ലോകത്തിലെ ബാക്കി 190 രാജ്യത്ത് പോകുന്നത് പോലെയാണ് ഇവിടെയും വരുന്നത്. മിക്ക രാജ്യങ്ങളിലും മദ്യത്തിന്റെ ഉപയോ​ഗം ലിബറലാണ്. അവിടെയൊക്കെ സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ടാകേണ്ടതല്ലേ ? അവരെങ്ങനെയാണ് ഇത് മാനേജ് ചെയ്യുന്നത്?  നമുക്ക് മാതൃകയാക്കാൻ സാധിക്കുന്ന ഒത്തിരി സമൂഹങ്ങളുണ്ട് ലോകത്ത്. അവരിൽ നിന്ന് നമ്മൾ പഠിക്കുകയല്ലേ വേണ്ടത്? വരും തലമുറയെ റെസ്പോൺസിബിളായി മദ്യം കൺസ്യൂം ചെയ്യുന്നതെങ്ങനെയെന്ന് പഠിപ്പിക്കണം. ചില സമയത്ത് കൺസ്യൂം ചെയ്യേണ്ടി വരും. രാഷ്ട്രത്തലവൻമാർ വരെ മദ്യം ഉപയോ​ഗിക്കാറുണ്ട്. പാർട്ടിയുടെ പ്രധാനപ്പെട്ട ഭാ​ഗമായിട്ടാണ് അത് കണക്കാക്കുന്നത്. മദ്യത്തെ ​ഡി​ഗ്നിഫൈ ചെയ്യുന്നതല്ല.

നൂറ്റാണ്ടുകൾക്ക് മുമ്പ് ചരിത്രാതീത കാലം മുതൽ മനുഷ്യൻ അധ്വാനത്തിന് ശേഷം റിലാക്സാകാൻ വേണ്ടി ഉപയോ​ഗിക്കുന്നതാണിത്. അത് എവിടെ ഉപയോ​ഗിക്കണം, എങ്ങനെ ഉപയോ​ഗിക്കണം, എത്ര ഉപയോ​ഗിക്കണം എന്നൊക്കെയുള്ള ഒരു ബോധം നമുക്ക് ഇല്ലാതെ പോയതാണ് കുഴപ്പം. നമ്മുടെ ആളുകളുടെ മദ്യപാന ശീലം ആണ് വരുന്ന വിദേശികൾക്ക് എന്ന് ധരിച്ച് പോലീസ് അവരെ നമ്മുടെ നാട്ടുകാരെ കൈകാര്യം ചെയ്യുന്നത് പോലെ കൈകാര്യം ചെയ്യുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. പോലീസിന് തന്നെ ബോധവത്കരണം ആവശ്യമാണ്. വിദേശികൾ‌ ഇതൊക്കെ കണ്ട് നന്നായി അനുഭവിച്ച് വന്നവരാണ്. അതുകൊണ്ട് പോലീസ് ഇവരെ നമ്മുടെ നാട്ടുകാരെ കാണിക്കുന്നത് പോലെ കോപ്രായങ്ങളൊന്നും കാണിക്കേണ്ടതില്ല. അവരോട് നന്നായി പെരുമാറിയാൽ മാത്രമേ അവർ നമ്മുടെ നാടിനെക്കുറിച്ച് നല്ല അഭിപ്രായം പറയൂ.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular