കൊട്ടാരക്കര : സോളാര്‍ വിവാദത്തിലെ പ്രതിയുടെ വെളിപ്പെടുത്തല്‍ പുതിയ ചര്‍ച്ചകള്‍ക്ക് സാഹചര്യമൊരുക്കുകയാണ്. തന്നെ വിഷം നല്‍കി ഇല്ലാതാക്കാന്‍ ശ്രമം നടന്നെന്ന് സരിത നായര്‍ വെളിപ്പെടുത്തുകയാണ്. 2015-ലെ കൈയേറ്റം സംബന്ധിച്ച കേസില്‍ കൊട്ടാരക്കര കോടതിയില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു സരിത. ഇതിനിടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ് നല്‍കിയത്. അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു. പല തരം കേസുകള്‍ ഇപ്പോഴും സരിതയ്‌ക്കെതിരെയുണ്ട്. ഈ കേസുകള്‍ പല കോടതികളില്‍ നടക്കുകയാണ്. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.
സരിതയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ ഹാജരാകാനാണ് ഇവര്‍ കൊട്ടാരക്കരയിലെത്തിയത്. 2015 ജൂലായ് 18-ന് രാത്രി 12-ന് എം.സി.റോഡില്‍ കരിക്കത്തായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്നു ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന സരിത വിശ്രമിക്കാനായി കരിക്കത്ത് കാര്‍ നിര്‍ത്തിയപ്പോള്‍ ഒരു സംഘം ആക്രമിച്ചിരുന്നു. കാറിന്റെ ചില്ല് തകര്‍ക്കുകയും സരിതയെയും ഒപ്പമുണ്ടായിരുന്നവരെയും അസഭ്യം പറയുകയും അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്.
മുന്നോട്ടെടുക്കവേ കാര്‍ തട്ടി സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കുപറ്റിയതില്‍ സരിതയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും പേരിലും കേസെടുത്തിരുന്നു. ഇരു കേസുകളും കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ഇരുകൂട്ടരും കോടതിയില്‍ മൊഴി നല്‍കി. വിധി പറയാനായി കേസ് 29-ലേക്കു മാറ്റി.
ഈ വര്‍ഷം ഫെബ്രുവരിയില്‍ സോളാര്‍ കേസില്‍ കോഴിക്കോട് ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ സരിത എസ്. നായര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 25-ന് കേസ് പരിഗണിക്കുമ്പോള്‍ തന്റെ ജാമ്യാപേക്ഷ പരിഗണിച്ച് തീര്‍പ്പാക്കാന്‍ നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
കാന്‍സറിനു ചികിത്സയിലാണെന്നും കോവിഡ് സാഹചര്യംകൂടി കണക്കിലെടുത്ത് ജാമ്യാപേക്ഷ പരിഗണിക്കണമെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഇതോടെയാണ് സരിതയുടെ ചികില്‍സ വാര്‍ത്തകളില്‍ എത്തുന്നത്. അന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടറുടെ കുറിപ്പടിയും ഹാജരാക്കിയിരുന്നു. നാഡീസംബന്ധമായ പ്രശ്‌നമാണ് ഹര്‍ജിക്കാരിയുടേതെന്ന് കുറിപ്പില്‍നിന്ന് മനസ്സിലാകുന്നതായി വാക്കാല്‍ കോടതിയും പരാമര്‍ശിച്ചു.