റാന്നി : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാന കലാ ജാഥ നാളെ വെച്ചൂച്ചിറയിൽ എത്തും. കലാ ജാഥയ്ക്ക് രാവിലെ 9:30 ന് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിൽ സ്വീകരണം നൽകും. കലാ ജാഥാ സംഘം ഒരുമയുടെ സന്ദേശമോതുന്ന ”ഒന്ന്” എന്ന നാടകം അവതരിപ്പിക്കും. അറിവിന്റെ പ്രാധാന്യവും കൂട്ടായ്മയുടെ അനിവാര്യതയും വിളിച്ചറിയിക്കുന്നതാണ് ഇത്തവണത്തെ നാടകത്തിന്റെ മുഖ്യ പ്രമേയം. സമൂഹത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെയും യുദ്ധത്തിന്റെ പേരിൽ പണം കൊയ്യുന്ന ഭരണാധികാരികളെയും ഒരുമയുടെ ഗീതം മുഴക്കി ചെറുക്കുന്നതിനും പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് നാടക യാത്ര.
കലാ ജാഥയ്ക്ക് മുന്നോടിയായി റാന്നി താലൂക്കിലെ 100 കേന്ദ്രങ്ങളിൽ ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാറുകൾ സംഘടിപ്പിച്ചു. എണ്ണൂറാംവയൽ സി എം എസ് സ്കൂൾ പ്രഥമധ്യാപകന്‍ സാബു പുല്ലാട്ട് ചെയർമാനും ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി വി.എം പ്രകാശ് ജനറൽ കൺവീനറുമായ സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് വെച്ചൂച്ചിറയിൽ കലാ ജാഥയ്ക്ക് സ്വീകരണമൊരുക്കുന്നത്