റിയാദ് : മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാത്തത് സൗദി അറേബ്യയിൽ ഗതാഗത നിയമലംഘനമാണ്. നിയമം ലംഘിക്കുന്നവർക്ക് 300 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി.
വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കുന്നത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാന നടപടികളിലൊന്നാണെന്ന് അധികൃതർ വ്യക്തമാക്കി. പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളിലും ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോഴും മതിയായ അകലം പാലിക്കുന്നത് അപകടങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.
ഗതാഗത നിയമങ്ങൾ പാലിക്കുന്നത് ഓപ്ഷനല്ലെന്നും എല്ലാ വാഹനയാത്രക്കാരുടെയും ഉത്തരവാദിത്തമാണെന്നും പബ്ലിക് സെക്യൂരിറ്റി വ്യക്തമാക്കി. ഡ്രൈവർമാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതെന്നും അധികൃതർ അറിയിച്ചു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കും പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ വാഹനമോടിക്കുന്നവർക്കുമെതിരെ നിയമനടപടികൾ തുടരുമെന്നും പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഗതാഗതത്തിരക്ക് കുറയ്ക്കാനും അപകടങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ള ട്രാഫിക് നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഡ്രൈവർമാരോട് അധികൃതർ ആവശ്യപ്പെട്ടു.































