മനാമ: പശ്ചിമേഷ്യയെ വീണ്ടും സംഘർഷ കലുഷിതമാക്കി വീണ്ടും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും. ഇറാൻ നഗരങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി ഗൾഫ് രാഷ്ട്രങ്ങളിലേക്ക് അടക്കം ഇറാനിന്‍റെ മിസൈൽ, ഡ്രോൺ ആക്രമണം. ഇറാൻ ആക്രമണത്തെ പ്രതിരോധിച്ചതായി കുവൈത്തും ബഹ്റൈനും അറിയിച്ചു. ഇറാനിലെ വിവിധ നഗരങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബഹ്റൈനിനെ ലക്ഷ്യമാക്കിയുള്ള ഇറാന്‍റെ ഡ്രോണുകളെ വിജയകരമായി പ്രതിരോധിച്ചതായി നാഷനൽ കമ്യൂണിക്കേഷൻ സെന്‍റർ അറിയിച്ചു. ബഹ്റൈൻ പ്രതിരോധ സേനയുടെ എയർ ഡിഫൻസ് സിസ്റ്റമാണ് ഇറാനിയൻ ഡ്രോണുകളെ തകർത്തത്. ഇറാനിൽ നിന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചുകൊണ്ടിരിക്കുന്നതായി കുവൈത്ത് ആംഡ് ഫോഴ്സസ് ജനറൽ കമ്മാൻഡ് അറിയിച്ചു.
ഏതെങ്കിലും സ്ഫോടന ശബ്ദങ്ങൾ ശത്രുവിന്‍റെ ഡ്രോണുകളും മിസൈലുകളും പ്രതിരോധിക്കുന്നതിന്‍റേതാണ് ആണെന്നും വ്യക്തമാക്കി. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള സുരക്ഷ നിർദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ബഹ്റൈനും കുവൈത്തിനുമൊപ്പം ഇറാഖിലും ജോർഡനിലും ഇറാൻ ആക്രമണം നടത്തിയിട്ടുണ്ട്. ജോർഡനിലെ യു എസ് വ്യോമ, നാവിക താവളങ്ങളെ ലക്ഷ്യം വെച്ച് 13 ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ ഉപയോഗിച്ചതായി ജോർഡൻ അറിയിച്ചു. ഇതിൽ 10 എണ്ണത്തെയും വിജയകരമായി പ്രതിരോധിച്ചു. മൂന്നെണ്ണം വിജന പ്രദേശങ്ങളിലാണ് പതിച്ചതെന്നും ജോർഡൻ അധികൃതർ വ്യക്തമാക്കി.






























