കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നു. പ്രസ്താവനയുടെ പേരിൽ സിപിഎം നേതാക്കൾ കാന്തപുരത്തിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുമ്പോൾ ഈ അവസരം മുതലെടുത്ത് എ.പി വിഭാഗം സമസ്തയെ ഒപ്പം നിർത്താനുള്ള തന്ത്രപരമായ നീക്കത്തിലാണ് മുസ്‌ലിം ലീഗ്. എ.പി വിഭാഗം സമസ്ത രൂപീകരിച്ചത് മുതൽ പൊതുവെ സിപിഎമ്മിനോട് ചേർന്നുനിൽക്കുന്ന ചരിത്രമാണുള്ളത്. എന്നാൽ കാന്തപുരത്തിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സിപിഎം നേതാക്കൾ അതിരൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. ഇതോടെ എപി വിഭാഗവും കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്എസ്എഫ് തുടങ്ങിയ സംഘടനകളും കമ്യൂണിസത്തെയും സിപിഎമ്മിനെയും പോഷക സംഘടനകളെയും ശക്തമായി കടന്നാക്രമിക്കുന്ന സാഹചര്യമാണുള്ളത്. സിപിഎമ്മും എ.പി വിഭാഗവും തമ്മിലുള്ള ഈ അകൽച്ച പരമാവധി ഉപയോഗപ്പെടുത്താനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം.
കാന്തപുരത്തിന്റെ പ്രസ്താവനയെ എതിർക്കേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. ഒരു മതപണ്ഡിതൻ എന്ന നിലയിലുള്ള കാര്യങ്ങൾ മാത്രമാണ് അദ്ദേഹം പറഞ്ഞതെന്ന നിലപാടാണ് ലീഗ് സ്വീകരിച്ചിരിക്കുന്നത്. വർത്തമാനകാലത്ത് സ്ത്രീകൾ വലിയ തോതിൽ വേട്ടയാടപ്പെടുന്നുണ്ടെന്നും, സാമൂഹികമായിട്ടുള്ള ഈ അവസ്ഥയെ പരാമർശിച്ചുകൊണ്ടും ഒരു അടക്കം വേണമെന്ന് ഉദ്ദേശിച്ചുമാകും അദ്ദേഹം സംസാരിച്ചത് എന്നുമാണ് ലീഗ് നേതൃത്വം ഇതിന് നൽകുന്ന വിശദീകരണം.






























