തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് നിർത്തി അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ മുൻ ഡിസിസി അംഗം ചേന്തി അനിലുമായി അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് നടത്തും. കേസിന്റെ തുടർ നടപടികളുടെ ഭാഗമായാണ് പ്രതിയുമായി പോലീസ് ഇന്ന് തെളിവെടുപ്പും ചോദ്യം ചെയ്യലും നടത്തുന്നത്. അനിലിന്റെ മൊബൈൽ ഫോണിൽ നിന്ന് പോലീസിന് ലഭിച്ച ചില ശബ്ദസന്ദേശങ്ങൾ കേസിൽ നിർണായകമാകുമെന്നാണ് സൂചന. കൂടുതൽ വ്യക്തതയ്ക്കും വിദഗ്ധ പരിശോധനകൾക്കുമായി ഈ സന്ദേശങ്ങൾ ആകാശവാണിക്ക് കൈമാറാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിലൂടെ സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുക്കുന്നതിനുമായി പ്രതിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണസംഘം കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഒരു ദിവസത്തെ കസ്റ്റഡി മാത്രമാണ് അനുവദിച്ചത്.
ഇതനുസരിച്ച് ഇന്ന് വൈകിട്ട് 4.30 വരെയാണ് അനിലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുൻപായി നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് പോലീസിന്റെ ശ്രമം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതിലുള്ള പ്രതിഷേധമാണ് അതിക്രമത്തിന് കാരണമായത്. ഇതിൽ പ്രതിഷേധിച്ച് അനിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വാഹനം കൈകാണിച്ച് നിർത്തുകയും അദ്ദേഹത്തോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് കേസ്. തുടർന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.






























