തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ചർച്ചകളും മുന്നണിയിലെ തർക്കങ്ങളും രൂക്ഷമായിരിക്കെ നിർണായക രാഷ്ട്രീയ നീക്കങ്ങളുമായി ഇടത് പാർട്ടികൾ. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരുന്ന സിപിഎം വിശാല സംസ്ഥാന കമ്മിറ്റിക്ക് മുന്നോടിയായുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നും നാളെയും തിരുവനന്തപുരത്ത് നടക്കും. നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള അതൃപ്തി പുകയുന്നതിനിടെ സിപിഐയുടെ ദേശീയ എക്സിക്യൂട്ടീവ്, ദേശീയ കൗൺസിൽ യോഗങ്ങളും ഇന്ന് ചേരുകയാണ്. വിശാല സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട തെരഞ്ഞെടുപ്പ് പരാജയ അവലോകന റിപ്പോർട്ടിന്റെ കരട് തയ്യാറാക്കലാണ് ഇന്നും നാളെയുമായി ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രധാന അജണ്ട. കേന്ദ്ര കമ്മിറ്റി മുന്നോട്ടുവെച്ച കർശന തിരുത്തൽ നിർദേശങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റ് എത്രത്തോളം ഉൾക്കൊള്ളുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. സെക്രട്ടറിയേറ്റ് രൂപീകരിക്കുന്ന കരട് നിർദേശങ്ങൾക്ക് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തളിപ്പറമ്പിൽ നടത്തിയ പ്രസംഗത്തിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ യോഗത്തിൽ അദ്ദേഹത്തിനെതിരെ വിമർശനം ഉയരാൻ സാധ്യതയേറെയാണ്. സമഗ്രമായ ശൈലി മാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് ഭൂരിഭാഗം രണ്ടാം നിര നേതാക്കളും. സാധാരണക്കാരുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും പാർട്ടിയുടെ ജനകീയ അടിത്തറ വീണ്ടെടുക്കാനും തിരുത്തലുകൾ അടിയന്തരമായി നടപ്പാക്കണമെന്ന വികാരം നേതാക്കൾക്കിടയിൽ ശക്തമാണ്.































