ഡൽഹി : ഗ്രീൻ, ഓറഞ്ച് സോണുകളിൽ നിയന്ത്രണങ്ങളോടെ സ്കൂളുകള്‍ തുറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. സ്കൂളുകള്‍ക്ക് പ്രവര്‍ത്താനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഗ്രീൻ, ഓറഞ്ച് സോണുകളിൽ നിയന്ത്രണങ്ങളോടെ എട്ടു മുതൽ 12 വരെയുള്ള ക്ലാസുകൾ ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
കൊവിഡ് പ്രതിസന്ധി മൂലം അടച്ചിട്ട സ്കൂളുകള്‍ മുഴുവനായി തുറക്കുന്നതിനു മുൻപേ മുതിര്‍ന്ന ക്ലാസുകള്‍ മാത്രം സാമൂഹിക അകലം പാലിച്ച് നടത്താൻ എൻസിഇആര്‍ടി മാര്‍ഗനിര്‍ദേശം നല്‍കിയെന്നായിരുന്നു ചില ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മറ്റു ക്ലാസുകളിൽ സ്കൂളുകള്‍ മുഴുവനായി തുറക്കുമ്പോള്‍ മാത്രം പഠനം തുടങ്ങാമെന്നും എൻസിഇആര്‍ടി ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു. സ്കൂളുകള്‍ തുറക്കുന്നു സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിൽ കേന്ദ്രസര്‍ക്കാര്‍ ഓൺലൈൻ, ടിവി ക്ലാസുകള്‍ സംഘടിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമ്പോഴാണ് മെയ് 31ന് ശേഷം സ്കൂളുകള്‍ ഭാഗികമായി തുറക്കുമെന്നതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. എന്നാൽ എൻസിഇആര്‍ടി മുന്നോട്ടു വെച്ച ശുപാര്‍ശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചില്ലെന്നാണ് സൂചന.
നിലവില്‍ പരീക്ഷകള്‍ നടത്താനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാൻ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 1.45 ലക്ഷം പിന്നിട്ടെങ്കിലും മെയ് 31 ഓടു കൂടി രാജ്യവ്യാപക ലോക്ക്ഡൗൺ പിൻവലിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനു മുന്നോടിയായി രാജ്യത്ത് റെയിൽ, വ്യോമ ഗതാഗതം തുറന്നു കൊടുക്കുകയും കൂടുതൽ മേഖലകളിൽ ഇളവ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം കൂടുതൽ വിഭാഗകാര്‍ക്ക് കൊവിഡ് പരിശോധന നടത്താൻ ഐസിഎംആര്‍ തീരുമാനിച്ചു. പൊതുജനങ്ങളുമായി ഇടപഴകുന്ന പോലീസ് ഉദ്യോഗസ്ഥര്‍, സെക്യൂരിറ്റി ജീവനക്കാര്‍, കച്ചവടക്കാര്‍, വിമാനത്താവള ജീവനക്കാര്‍, ബസ് ജീവനക്കാര്‍ തുടങ്ങിയവരിൽ പരിശോധന നടത്താനാണ് ഐസിഎംആര്‍ പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കിയത്.