തിരുവനന്തപുരം : സഹപാഠികളായ വിദ്യാര്‍ത്ഥിനികളുടെയും അദ്ധ്യാപികമാരുടെയും ചിത്രം അശ്ലീല സൈറ്റില്‍ ഇട്ട സ്കൂള്‍ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റുചെയ്തു. ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ എടുത്ത ചിത്രങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ അശ്ലീല ചാറ്റ് നടത്താന്‍ കഴിയുന്ന കനേഡിയന്‍ ഡേറ്റിംഗ് സൈറ്റാണ് ഇതിനായി ഉപയോഗിച്ചത്. അപരിചിതരായ ചാറ്റിംഗ് പങ്കാളികള്‍ക്ക് വിദ്യാര്‍ത്ഥിനികളുടെയും അദ്ധ്യാപികമാരുടെയും ചിത്രങ്ങള്‍ അശ്ലീല കമന്റുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്ത് ഫോണ്‍നമ്പര്‍ സഹിതം നല്‍കുകയായിരുന്നു.
ജില്ലയിലെ ഒരു സ്കൂളിലെ രക്ഷിതാക്കളില്‍നിന്നും സ്കൂള്‍ അധികൃതരില്‍നിന്നും നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. തിരിച്ചറിയല്‍ വിവരങ്ങള്‍ ലഭ്യമല്ലാതിരുന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് പ്രതിയെ പിടികൂടിയത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥിനികളുടെ ഫോട്ടാേകളും മറ്റുവിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂട്ടുകാരെയും അദ്ധ്യാപികമാരെയും പേടിപ്പെടുത്താനാണ് താന്‍ ഇങ്ങനെ ചെയ്തതെന്നാണ് വിദ്യാര്‍ത്ഥി പോലീസിനോട് വ്യക്തമാക്കിയത്.