തിരുവനന്തപുരം : സ്‌കൂളുകളില്‍ ശനിയാഴ്ചയും പ്രവര്‍ത്തി ദിവസമാക്കാന്‍ തീരുമാനം. എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ഇനി ക്ലാസുകള്‍. എല്‍.പി ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികളെ വീതമായിരിക്കും ഇരുത്താന്‍ അനുവദിക്കുകയെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും വാക്‌സീനേഷന്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കൊവിഡ് മാനദണ്ഡം പാലിച്ച് ഉച്ചഭക്ഷണവും നല്‍കും. പിടിഎ അതിനുള്ള നടപടികള്‍ സ്വീകരിക്കും.
ഫിറ്റ്‌നസ് ഇല്ലാത്ത സ്‌കൂളുകളിലെ കുട്ടികള്‍ക്ക് തൊട്ടടുത്ത സ്‌കൂളില്‍ ക്ലാസ് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഓട്ടോറിക്ഷയില്‍ പരമാവധി മൂന്ന് കുട്ടികളെ മാത്രം കയറ്റണം. വിദ്യാര്‍ഥി കണ്‍സെഷന്റെ കാര്യത്തില്‍ സ്വകാര്യ ബസ് ഉടമകളുമായി ഉടന്‍ ചര്‍ച്ചനടത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തന്നെ തുടങ്ങും. ക്ലാസുകള്‍ എങ്ങനെ വേണമെന്നത് സംബന്ധിച്ച കരട് മാര്‍ഗരേഖ ആയിക്കഴിഞ്ഞു.