പത്തനംതിട്ട : കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ എസ്.ഡി.പി.ഐ പിന്തുണയില്‍ തെരഞ്ഞെടുക്കപ്പെട്ട സിപിഎം പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേറ്റതോടെ വര്‍ഗീയ ശക്തികളുമായുള്ള എല്‍ഡിഎഫ് ബന്ധം മറനീക്കി പുറത്തുവന്നതായി ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 30നും പിന്നീട് ഫെബ്രുവരി 15നും എസ്.ഡി.പി.ഐ പിന്തുണ ലഭിച്ചുവെന്ന പേരില്‍ തങ്ങള്‍ സ്ഥാനം ഉപേക്ഷിക്കുന്നുവെന്ന് വീമ്പിളക്കി രാജിവെച്ചവരാണ് ഇന്നലെ വീണ്ടും കോട്ടാങ്ങലില്‍ അതേ സാഹചര്യത്തില്‍ അധികാരമേറ്റത്. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരുന്ന ഘട്ടത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അന്നത്തെ രാജി. പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചപ്പോള്‍ തന്നെ അന്ന് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ഡി.പി.ഐ പിന്തുണയില്‍ തെരഞ്ഞെടുക്കപ്പെടുകയും ഭരണം നടത്തുകയും ചെയ്തു.
വര്‍ഗീയ ശക്തികളുമായി യാതൊരു ഉളുപ്പുമില്ലാതെ അധികാരം പങ്കിടുന്ന സിപിഎം നയമാണ് കോട്ടാങ്ങലില്‍ പ്രകടമായിരിക്കുന്നതെന്ന് ബാബു ജോര്‍ജ് പറഞ്ഞു. നേരത്തെ റാന്നി ഗ്രാമപഞ്ചായത്തില്‍ ബിജെപിയുമായി ചേര്‍ന്ന് ഭരണം പിടിച്ചിരുന്നു. ഇപ്പോഴും ആ സ്ഥാനം തുടരുകയാണ്. നിയമസഭ തെരഞ്ഞെടുപ്പു സമയത്ത് റാന്നി പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കിയതായി് വീമ്പിളക്കിയ എല്‍ഡിഎഫിന്റെ ഇപ്പോഴത്തെ നിലപാട് എന്താണെന്നു വ്യക്തമാക്കണം. പത്തനംതിട്ട നഗരസഭയില്‍ എസ്.ഡി.പി.ഐയുടെ സഹായത്തിലാണ് എല്‍ഡിഎഫ് അധികാരം പിടിച്ചത്. ഇതിനു പ്രതിഫലമായി എസ്.ഡി.പി.ഐയ്ക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം നല്‍കുകയും ചെയ്തു. സിപിഎം പുലര്‍ത്തുന്ന ഈ നയസമീപനം സംബന്ധിച്ച് എല്‍ഡിഎഫിലെ മറ്റു ഘടകകക്ഷികള്‍ അഭിപ്രായം വ്യക്തമാക്കണമെന്നും ഡിസിസി ആവശ്യപ്പെട്ടു.