കോട്ടാങ്ങൽ : കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ എസ്.ഡി.പി.ഐ പിന്തുണയോടെ ഭരണം വേണ്ടെന്ന നിലപാടാണ് സി.പി.എമ്മിന്. അതിനാല്‍ പാര്‍ട്ടി തീരുമാനപ്രകാരമാണ് പ്രസിഡന്റ് രാജിവെച്ചത്.
ദുരഭിമാനം വെടിഞ്ഞ് കോട്ടാങ്ങൽ പഞ്ചായത്തിലെ ഭരണ പ്രതിസന്ധി ഒഴിവാക്കാൻ സിപിഎം തയ്യാറാകണമെന്ന് എസ്ഡിപിഐ റാന്നി മണ്ഡലം പ്രസിഡന്റ് ഷാനവാസ് ചുങ്കപ്പാറ ആവശ്യപ്പെട്ടു. രണ്ടാം തവണയാണ് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സ്ഥാനങ്ങൾ സിപിഎം രാജിവെയ്പ്പിക്കുന്നത്. ഇത് ജനാധിപത്യത്തോടും ആറാം വാർഡിലെ ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. ജനാധിപത്യ പ്രക്രിയയിലൂടെയാണ് ജസീല സിറാജ് ജനപ്രതിനിധിയായത്. കോട്ടാങ്ങൽ പഞ്ചായത്തിലെ ജനങ്ങൾ സിപിഎമ്മിനെ വെറുത്തു തുടങ്ങിയിരിക്കുകയാണ്. അഞ്ച് വാർഡ് ബിജെപി ജയിച്ചതിൽ സിപിഎമ്മിന് ആശങ്കയില്ല. മറിച്ച് ഒരു വാർഡിൽ എസ്ഡിപിഐ ജയിച്ചത് സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നതിന് കാരണം ജനങ്ങൾക്ക് ബോധ്യമാണ്.
സിപിഎമ്മിന് ആത്മാർത്ഥതയുണ്ടെങ്കിൽ കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയോടെ ലഭിച്ച സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങൾ രാജിവെയ്ക്കണം. ബിജെപി പിന്തുണയോടെ റാന്നിയിൽ എൽഡിഎഫ് നടത്തുന്ന ഭരണത്തിന്റെ ജാള്യത മറയ്ക്കാനാണ് കോട്ടാങ്ങൽ പഞ്ചായത്തിലെ ജനങ്ങളെ സിപിഎം ദ്രോഹിക്കുന്നതെന്നും ഷാനവാസ് ചുങ്കപ്പാറ പറഞ്ഞു.