പത്തനംതിട്ട : സിനിമ മേഖലയിൽ മാത്രമല്ല കേരള പോലീസിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തകസമിതി അംഗം എം എം താഹിർ പറഞ്ഞു. ആർഎസ്എസ് ആണ് ഈ പവർ ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുക, എഡിജിപി എം ആര്‍ അജിത് കുമാറിന്റെ കാലയളവില്‍ നടന്ന കൊലപാതക /പീഡന കേസുകള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയില്‍ നിന്ന് ഒഴിവാക്കി കൊണ്ട് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പത്തനംതിട്ട ജില്ലാ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഡിജിപി മുതൽ സിവിൽ പോലീസ് ഓഫീസർമാർ വരെ ഈ പവർ ഗ്രൂപ്പിൽ അംഗങ്ങളാണ്. പിണറായി-പോലിസ്-ആര്‍എസ്എസ് മാഫിയ കൂട്ടുകെട്ടാണ് കേരളം ഭരിക്കുന്നത്. സ്വര്‍ണ കള്ളക്കടത്ത്, കൊലപാതകം, ബലാല്‍സംഗം, തൃശൂര്‍ പൂരം സംഘര്‍ഷ ഭരിതമാക്കല്‍, മരം മുറിച്ചു കടത്തല്‍ തുടങ്ങി അവിശ്വസനീയമായ അക്രമപ്രവര്‍ത്തനങ്ങളാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്.
സംഘപരിവാറിന്റെ ആലയിൽ സിപിഎമ്മിനെയും സർക്കാരിനെയും കെട്ടിയിടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. സിപിഎം നേതാക്കളും പോലീസ് ഉന്നത ഉദ്യോഗസ്ഥരും ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകൾ ഓരോന്നായി പുറത്തുവരികയാണ്. മുഖ്യമന്ത്രിയുടെ മൗനം അനുവാദത്തോടെ തങ്ങൾക്ക് സ്വാധീനം ഇല്ലാത്ത സർക്കാർ മേഖലയിൽ ഉൾപ്പെടെ ആർഎസ്എസ് സ്വാധീനം ചെലുത്തുകയാണ്. ഒരു എംഎൽഎ പോലുമില്ലാത്ത സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് നിയന്ത്രിക്കാൻ ആർഎസ്എസിന് കഴിയുന്നുണ്ടെങ്കിൽ അതിനുത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണ്. ആഭ്യന്തരവകുപ്പിലെ താക്കോൽ സ്ഥാനം കയ്യാളുന്ന എഡിജിപി അജിത് കുമാർ ആർഎസ്എസിന്റെ സഹയാത്രികനാണെന്ന് ഭരണകക്ഷി എംഎൽഎയുടെ വെളിപ്പെടുത്തലിലൂടെ ബോധ്യപ്പെട്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ പിണറായി വിജയൻ ആഭ്യന്തരവകുപ്പ് സ്ഥാനമൊഴിയുന്നതുവരെ ശക്തമായ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷാജി പഴകുളം, ഷെയ്ക്ക് നെജീർ, വൈസ് പ്രസിഡന്റുമാരായ അഭിലാഷ് റാന്നി, ബിനു ജോർജ്, സെക്രട്ടറി സഫിയ പന്തളം, ട്രഷറർ ഷാജി കോന്നി, സെക്രട്ടറിയേറ്റ് അംഗം എം ഡി ബാബു, കമ്മിറ്റി അംഗങ്ങളായ ശൈലജ എസ്, സിയാദ് നിരണം, മുഹമ്മദ് പി സലിം, ഷൈജു ഉളമ, രവി പുതുമല, സുധീർ കോന്നി, അഡ്വ. അബ്ദുൽ നാസർ, മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ഷമീർ സംസാരിച്ചു. രാവിലെ അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ജില്ലാ, മണ്ഡലം നേതാക്കൾ നേതൃത്വം നൽകി. മാർച്ച് കളക്ടറേറ്റിനു മുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.