ന്യൂഡൽഹി : അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള 2 മൊറീഷ്യസ് ഫണ്ടുകൾ ഓഹരിപങ്കാളിത്ത ത്തിൻ്റെ വിവരങ്ങൾ ലഭ്യമാക്കാത്തതിനെത്തുടർന്ന് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. ഓഹരിയുടമകളുടെ അടക്കം വിവരങ്ങൾ നൽകാതിരുന്നാൽ പിഴ ചുമത്തുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2023ലെ ഹിൻഡൻബർഗ് റിപ്പോർട്ടിനു പിന്നാലെ അദാനി ഗ്രൂപ്പും അതിലെ 13 വിദേശനിക്ഷേപകരും സെബിയുടെ അന്വേഷണ പരിധിയിലാണ്.
ലിസ്‌റ്റഡ് കമ്പനികളിൽ 25 ശതമാനമെങ്കിലും ഓഹരി പൊതു (പബ്ലിക്)ഓഹരിയുടമകളുടേതായിരിക്കണമെന്നാണ് ചട്ടം. എന്നാൽ ഇത് ലംഘിക്കപ്പെട്ടുവെന്നായിരുന്നു ഹിൻഡൻബർഗിൻ്റെ ആരോപണം. എലാര ഫണ്ട്സ്, വെസ്പെര ഫണ്ട് എന്നിവയോട് 2023 മുതൽ ഓഹരിയുടമകളുടെ വിവരങ്ങൾ സെബി തേടുന്നുണ്ട്. എന്നാൽ ഇരുസ്ഥാപനങ്ങളും ഇത് നൽകാൻ തയാറായിട്ടില്ല. നൽകാത്തതിന്റെ കാരണവും വ്യക്തമാക്കിയിട്ടില്ല. തുടർന്നാണ് സെബിയുടെ മുന്നറിയിപ്പ്.