കൊച്ചി : കേരളത്തിലെ തിയറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കാത്ത സാഹചര്യത്തിൽ സിനിമാ മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. മാർച്ച് 4 ന് റിലീസ് ചെയ്യേണ്ടിയിരുന്ന മമ്മൂട്ടി ചിത്രമായ പ്രീസ്റ്റ് മാറ്റിയതിന് പിന്നാലെ ആന്റണി വർഗീസ് ചിത്രമായ അജഗജാന്തരവും റിലീസ് മാറ്റിവച്ചു. സെക്കൻഡ് ഷോ ഇല്ലാത്ത സാഹചര്യത്തിലാണ് റിലീസ് മാറ്റിവെക്കേണ്ടി വരുന്നതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കി. അതെ സമയം കേരളത്തിലെ സിനിമാ തിയറ്ററുകളിൽ എത്രയും വേഗം സെക്കൻഡ് ഷോ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തിയറ്റർ ഉടമകളും ജീവനക്കാരും മാർച്ച് 8 ന് രാവിലെ സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ്ണ നടത്തും.
രാവിലെ 10 മണിക്ക് അയ്യങ്കാളി ഹാളിന് മുന്നിൽ ഒത്തുചേർന്ന ശേഷം ജാഥയായി സെക്രട്ടേറിയേറ്റിന് മുന്നിലെത്തുകയെന്ന് പ്രതിനിധികൾ അറിയിച്ചു. സെക്കൻഡ് ഷോയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബർ മുഖ്യമന്ത്രിക്കും കത്തു നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ധർണ്ണ സങ്കടിപ്പിക്കാൻ സിനിമ പ്രവർത്തകർ തീരുമാനിച്ചത്. തിയറ്ററുകളിൽ സെക്കൻഡ് ഷോയ്ക്ക് കേന്ദ്ര സർക്കാർ നൽകിയ പുതിയ ഇളവുകളിൽ അനുമതിയുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ തത്കാലം ഈ ഇളവ് വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.