തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തില്‍ സര്‍ക്കാരിനെതിരെ മറ്റൊരു ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തീപിടുത്തം ഷോര്‍ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിനു പിറകെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഒരു ഐ.ജി സെക്രട്ടറിയേറ്റിലെ ഫോറന്‍സിക് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ശാസിച്ചു. മുന്‍പ് ഒരുകാലത്തും ഉണ്ടാകാത്ത സംഭവമായ അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകള്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് ഐ.ജി തന്നെ മാറ്റിവെയ്‌പ്പിച്ചതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സെക്രട്ടറിയേറ്റില്‍ തീ വെച്ചത് ആരാണ്? തീപിടുത്തവുമായി ബന്ധപ്പെട്ട തെളിവുകളെ അട്ടിമറിക്കാന്‍ നടന്ന വലിയൊരു ശ്രമമാണ് നടന്നതെന്നും പക്ഷപാത രഹിതമായി പ്രവര്‍ത്തിക്കുന്ന ഫോറന്‍സിക് ഉദ്യോഗസ്ഥരെ ശാസിക്കാന്‍ ഐ.ജിയെ ആരാണ് ചുമതലപ്പെടുത്തിയതെന്നും ചെന്നിത്തല ചോദിച്ചു. ഇത്തരത്തില്‍ സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥയെ നശിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കൃത്രിമ രേഖയുണ്ടാക്കാനും നീതിന്യായ വ്യവസ്ഥയ്‌ക്കും ഈ ഉദ്യോഗസ്ഥര്‍ ഭീഷണിയാണ്.
തീപിടുത്തമുണ്ടായ ഉടന്‍ ജനപ്രതിനിധികളെ കടത്തിവിടാതെ അവിടെ ചീഫ് സെക്രട്ടറി നേരിട്ടെത്തി. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തെളിവുകള്‍ നശിപ്പിക്കുന്നു. ഇതിന് അദ്ദേഹം ഡി.ജി.പിയും ചീഫ് സെക്രട്ടറിയെയും ഉപയോഗിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.