കോഴിക്കോട് : മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ സ്ത്രീയെ മര്‍ദ്ദിച്ചതായി പരാതി.വയനാട് സ്വദേശി സക്കീന മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സക്കീനയുടെ മകന്‍ മര്‍ദിച്ചെന്നാരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ സുരേന്ദ്രനും ചികിത്സ തേടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മകന്റെ കുട്ടിയുടെ ചികിത്സയ്ക്കായി വന്ന സക്കീനയ്ക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടിയെ മുമ്പ് ഡോക്ടറെ കാണിച്ചതിന്റെ പേപ്പറുകള്‍ കൊടുക്കാനായി ശ്രമിക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരന്‍ മര്‍ദിച്ചെന്നാണ് പരാതി. സക്കീന മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കി.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ സക്കീനയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ആശുപത്രിയ്ക്ക് അകത്തേക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. അധികം ആളുകളെ അകത്തേക്ക് കയറ്റാന്‍ തങ്ങള്‍ക്ക് അനുവാദം ഇല്ലെന്നും അതുകൊണ്ട് അവരെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നുമാണ് സെക്യൂരിറ്റി ജീവനക്കാരന്‍ സുരേന്ദ്രന്റെ വാദം. സക്കീനയുടെ മകന്‍ മര്‍ദിച്ചെന്നാരോപിച്ച് സുരേന്ദ്രന്‍ ചികിത്സ തേടി. ജോലി തടസപ്പെടുത്തിയതിന് ആശുപത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കി.