മലപ്പുറം : കേരളത്തിലുള്ള അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നിലമ്പൂരില്‍ നിന്നും പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എടവണ്ണ സ്വദേശി സാക്കിര്‍ തൂവക്കാടാണ് അറസ്റ്റിലായത്.
നിരോധനാജ്ഞ നിലനില്‍ക്കുന്ന മലപ്പുറത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ ശ്രമിച്ചതെന്ന് കരുതപ്പെടുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിച്ച് തുടങ്ങിയത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ സന്ദേശം വ്യാജമാണെന്ന് പോലീസ് വിവിധ ഭാഷകളില്‍ നവമാധ്യമങ്ങളിലൂടെ അറിയിപ്പുമായി എത്തി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ പിടിയിലായത്.
അതിഥി തൊഴിലാളികള്‍ കൂട്ടമായി എത്തുമെന്ന ഭയംമൂലം പോലീസ് ഇവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. പുറത്തിറങ്ങുന്നവരെ പോലീസ് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നുണ്ട്. വടക്കന്‍ ജില്ലകളുടെ വിവിധ മേഖലകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഞായറാഴ്ച ചങ്ങനാശേരിക്ക് സമീപം പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയതിന് പിന്നാലെയാണ് വടക്കന്‍ ജില്ലകളിലും വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചത്. പായിപ്പാട് സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവര്ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. കൂടുതല്‍ അറസ്റ്റ് ഉടനുണ്ടായേക്കും.