തിരുവനന്തപുരം : പോലീസ് നിയമ ഭേദഗതിക്കെതിരെ സിപിഐഎം കേന്ദ്ര നേതൃത്വം. ഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. നിയമ ഭേദഗതിയുമായി ഉയർന്നുവന്ന എല്ലാ ആശങ്കകളും പാർട്ടി വിശദമായി പരിഗണിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. നിയമഭേദഗതിക്കെതിരേ വലിയ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ജനറൽ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
വിവിധ കോണുകളിൽ നിന്ന് വലിയ വിമർശനം ഉയർന്നിട്ടും ഓർഡിനൻസ് പിൻവലിക്കേണ്ട കാര്യമില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. എതിർപ്പുകൾക്കിടെ പോലീസ് ആക്ട് ഭേദഗതിയെ ന്യായീകരിച്ച് നിയമമന്ത്രി എ.കെ ബാലൻ രംഗത്തെത്തി. ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തേയോ വ്യക്തി സ്വാതന്ത്ര്യത്തേയോ ഹനിക്കുന്നതല്ലെന്നും ആശങ്കകൾ എല്ലാം പരിശോധിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.
സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പോലീസ് ആക്ടിലെ പുതിയ നിയമം എല്ലാ മാധ്യമങ്ങൾക്കും ബാധകമായതോടെയാണ് വ്യാപകമായ എതിർപ്പ് ഉയർന്നത്. നിയമപ്രകാരം വ്യക്തികളെയോ ഒരു വിഭാഗം ആളുകളെയോ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമായതോ അപകീർത്തികരമായതോ ആയ കാര്യങ്ങൾ നിർമിക്കുന്നതും പ്രകടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും കുറ്റകരമായിരിക്കും. കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം തടവോ 1000 രൂപ പിഴയോ ഇവ ഒരുമിച്ചോ നേരിടേണ്ടിവരും.