ഉടുമ്പന്‍ചോല : ചെമ്മണ്ണാര്‍ പാമ്പുപാറയില്‍ പിതാവിന്‍റെ വെട്ടേറ്റ് മകന്‍ മരിച്ചു. ചെമ്മണ്ണാര്‍ പാമ്പുപാറ മൂക്കനോലിയില്‍ ജെനീഷ് (38) ആണ് മരിച്ചത്. മദ്യലഹരിയില്‍ എത്തിയ ജെനീഷ് സ്വന്തം മക്കളെയും പിതാവായ തമ്പിയെയും ക്രൂരമായി മര്‍ദിച്ചു. പേരക്കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി തമ്പി വാക്കത്തിയെടുത്ത് വീശിയപ്പോള്‍ ജെനീഷിന്‍റെ കൈയ്യില്‍ വെട്ടേല്‍ക്കുകയായിരുന്നു.
ഇന്നലെ രാത്രി ഏഴിനാണ് ജെനീഷ് മദ്യലഹരിയില്‍ അക്രമാസക്തനായി വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. രാത്രി 7.30നാണ് ജെനീഷിന് വെട്ടേറ്റത്. ജെനീഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു മരണം. ജെനീഷിന്‍റെ പിതാവ് തമ്പിയെ ഉടുമ്പന്‍ചോല പോലീസ് കസ്റ്റഡിയില്‍ എടുത്തു. വിശദമായ അന്വേഷണം ആരംഭിച്ചതായി ഉടുമ്പന്‍ചോല എസ്‌ഐ അബ്ദുല്‍ കനി അറിയിച്ചു.





























