കൊച്ചി: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് മാധ്യമ വാർത്തകളുടെ തലക്കെട്ടുകൾ നിശ്ചയിച്ചത് ഇ.ഡി ഉദ്യോഗസ്ഥരെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ എം.പി. ബഷീറിന്റെ വെളിപ്പെടുത്തൽ. 2021-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മാസങ്ങളിൽ സംസ്ഥാനത്തെ പ്രിന്റ്, ടെലിവിഷൻ മാധ്യമങ്ങളിൽ നടന്നത് മാധ്യമ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അധ്യായങ്ങളിൽ ഒന്നാണെന്നാണ് എം.പി. ബഷീർ പറഞ്ഞുവയ്ക്കുന്നത്. ഇഡി പറയുന്നു, മാധ്യമങ്ങൾ അത് വാർത്തയാക്കുന്നു. അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഉദ്യോഗസ്ഥരാണ് കൊച്ചി, തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് നൽകേണ്ട വാർത്തകളുടെ തലക്കെട്ടുകൾ വരെ എഴുതി നൽകി.
എം.പി. ബഷീറിന് അന്ന് ‘റിപ്പോർട്ടർ ചാനലിന്റെ’ എഡിറ്റോറിയൽ ചുമതലയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിനെ നിസാരമായി തള്ളിക്കളയാനുമാകില്ല. മാധ്യമങ്ങളെ വിലക്കെടുക്കുന്ന ഇഡി നീക്കം അത്യന്തം ഗൗരവതരമാണ്. ഇഡി വിഷയങ്ങൾ കവർ ചെയ്തിരുന്ന ഒരു മാധ്യമപ്രവർത്തകൻ തനിക്ക് ഇ.ഡി ഉദ്യോഗസ്ഥൻ അയച്ചുനൽകിയ സ്ക്രീൻഷോട്ട് നേരിട്ട് കാണിച്ചുതന്നിരുന്നുവെന്ന് അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്. ദിവസവും എന്ത് വാർത്ത നൽകണമെന്നും വൈകുന്നേരത്തെ ചാനൽ ചർച്ചകളിൽ എന്ത് വിഷയം സംസാരിക്കണമെന്നും എഡിറ്റോറിയൽ ബോർഡ് തീരുമാനിക്കുന്നതിന് മുമ്പ് തന്നെ ഇ.ഡി ഉദ്യോഗസ്ഥർ തലക്കെട്ടുകളായി തീരുമാനിച്ചു നൽകുന്നു. എന്തൊരു അപകടകരമായ നിലയാണത്. ഇഡി ചവച്ചുതുപ്പിയത് വാർത്തയായി വലതുപക്ഷ മാധ്യമങ്ങൾ ജനങ്ങളിലേക്ക് കുത്തിവയ്ക്കുന്നു അദ്ദേഹം പറഞ്ഞു.































